നോയിഡ: പ്രശസ്ത നടി ഷബാന ആസ്മിയെ ആക്ഷേപിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട അധ്യാപികയ്ക്ക് സസ്പെന്ഷന്. ഗ്രേയ്റ്റര്‍ നോയിഡയിലെ ദാദ്രി ജൂനിയര്‍ ഹൈസ്കൂളിലെ അധ്യാപികയെയാണ് അച്ചടക്ക നടപടിയുടെ ഭാഗമായി സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. ഗൗതം ബുദ്ധ നഗര്‍ അടിസ്ഥാന ശിക്ഷ അധികാരി ബാല്‍ മുകുന്ദ് പ്രസാദ് ആണ് അധ്യാപികയെ സസ്പെന്റ് ചെയ്ത കാര്യം അറിയിച്ചത്. അനിശ്ചിത കാലത്തേക്കാണ് അധ്യാപികയെ സസ്പെന്റ് ചെയ്തിരിക്കുന്നത്.
‘തിങ്കളാഴ്ചയാണ് ഷബാന ആസ്മിയെ ആക്ഷേപിക്കുന്ന തരത്തിലുള്ള അധ്യാപികയുടെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടത്. ഇത് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള സേവന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നതാണെന്ന് കണ്ടെത്തുകയും ഉടന്‍ നടപടി എടുക്കുകയായിരുന്നു’ എന്നാണ് മുകുന്ദ് പ്രസാദ് വ്യക്തമാക്കിയത്. സംഭവത്തെ കുറിച്ച് വിദ്യാഭ്യാസ വകുപ്പ് അന്വേഷണം ആരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സസ്പെന്ഷന് വിധേയയായ അധ്യാപിക ഷബാന ആസ്മിയുടെ മരണം ആഗ്രഹിച്ചിരുന്നതായാണ് സഹപ്രവര്‍ത്തകര്‍ വ്യക്തമാക്കിയത്. ജനുവരി 18ന് നടന്ന കാര്‍ അപകടത്തെ തുടര്‍ന്ന് താരം ഇപ്പോള്‍ ചികിത്സയിലാണ്. മുംബൈ-പൂനെ എക്സ്പ്രസ് ഹൈവേയില്‍ ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.
Discussion about this post