തിരുവനന്തപുരം: നിയമസഭയിൽ നയപ്രഖ്യാപനപ്രസംഗം ഇന്ന് നടക്കാനിരിക്കെ ഇടഞ്ഞ് ഗവർണർ. പൗരത്വനിയമ ഭേദഗതിക്കെതിരായ സർക്കാരിന്റെ പ്രതിഷേധം പ്രസംഗത്തിൽ ഉൾപ്പെടുത്താനാവില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നയപ്രഖ്യാപനത്തിൽ സംസ്ഥാനസർക്കാരിന്റെ നയവും പരിപാടിയുമല്ലാതെ അതിന്റെ പരിധിയിലല്ലാത്ത കാര്യങ്ങളെക്കുറിച്ച് അഭിപ്രായങ്ങൾ ഉൾപ്പെടുത്താനാവില്ല. അത് വായിക്കാൻ നിയമപരമായി തനിക്കു ബാധ്യതയില്ലെന്നു വ്യക്തമാക്കി ഗവർണർ മുഖ്യമന്ത്രിക്ക് കത്തുനൽകി. സർക്കാരിനോട് ഇടഞ്ഞുതന്നെയാണ് എന്ന് വ്യക്തമാക്കുന്നതാണ് കത്ത്.
പൗരത്വനിയമ ഭേദഗതിക്കെതിരേ സർക്കാരും നിയമസഭയും സ്വീകരിച്ച നടപടികളെപ്പറ്റി പരാമർശിക്കുന്ന നയപ്രഖ്യാപനത്തിലെ 18ാം ഖണ്ഡികയോടാണ് ഗവർണർക്ക് എതിർപ്പ്. ഈ ഖണ്ഡിക സർക്കാരിന്റെ അഭിപ്രായം മാത്രമാണെന്നും തിരുത്തണമെന്നും മുഖ്യമന്ത്രിയോട് ഗവർണർ ആവശ്യപ്പെട്ടിരുന്നു.
മുഖ്യമന്ത്രിയുടെ വാദം:
1) ഭരണഘടനയുടെ അനുച്ഛേദം 176 (1) അനുസരിച്ച് എല്ലാവർഷവും സഭയുടെ ആദ്യ സമ്മേളനത്തിന്റെ ആദ്യദിവസം സർക്കാരിന്റെ നയങ്ങളും പരിപാടികളും സഭാംഗങ്ങളെ അറിയിക്കണമെന്നത് ഗവർണറുടെ ചുമതലയാണെന്ന് യൂണിയൻ ഓഫ് ഇന്ത്യയും ബസവയ്യ ചൗധരിയും തമ്മിലുള്ള കേസിൽ സുപ്രീംകോടതിയും വ്യക്തമാക്കിയിട്ടുണ്ട്. ഗവർണർ വായിക്കേണ്ടത് നയപ്രഖ്യാപന രേഖയാണ്.
2) പൗരത്വനിയമ ഭേദഗതി സംസ്ഥാനവിഷയമായ കേരളത്തിന്റെ പൊതുസുരക്ഷിതത്വത്തെ സാരമായി ബാധിക്കുന്നത്.
3) പൗരത്വനിയമത്തെപ്പറ്റി പരാമർശിക്കുന്നത് കോടതിയലക്ഷ്യമല്ല.
4) ഗവർണർ പ്രവർത്തിക്കേണ്ടത് മന്ത്രിസഭയുടെ ഉപദേശമനുസരിച്ച്. അതിനാൽ മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപനം ഗവർണർ അതേപടി അംഗീകരിക്കണം.
ഗവർണറുടെ വാദങ്ങൾ:
1) കോടതിവിധി ചൂണ്ടിക്കാട്ടിയതിനു നന്ദി. ഇതനുസരിച്ച് നയവും പരിപാടിയും സർക്കാരിന്റെ അഭിപ്രായവും തമ്മിൽ മുഖ്യമന്ത്രിതന്നെ കൂട്ടിക്കുഴയ്ക്കുന്നുവെന്നു വ്യക്തം. നയവും പരിപാടിയും അവതരിപ്പിക്കണമെന്നല്ലാതെ തങ്ങളുടെ പരിധിയിലല്ലാത്ത കാര്യങ്ങളിൽ സംസ്ഥാനസർക്കാരിന്റെ കാഴ്ചപ്പാട് ഗവർണർ അവതരിപ്പിക്കണമെന്ന് ഭരണഘടനയും സുപ്രംകോടതിയും പറഞ്ഞിട്ടില്ല.
2) പൊതുസുരക്ഷിതത്വത്തെ ബാധിക്കുന്ന പ്രശ്നമാണെങ്കിൽ കാര്യനിർവഹണ ചട്ടത്തിന്റെ 34 (2) അനുസരിച്ച് പ്രത്യേകമായി ഗവർണറുടെ ശ്രദ്ധയിൽ കൊണ്ടുവരണം.
3) നിയമസഭാ നടപടിക്രമങ്ങളുടെ 119ാം ചട്ടപ്രകാരം കോടതിയുടെ പരിഗണനയിലുള്ള വിഷയം സഭ ചർച്ചചെയ്യാൻ പാടില്ല.
4) മന്ത്രിസഭയുടെ പരിധിക്കുപുറത്ത് ഭരണഘടനാപരമായ വിഷയമാണെങ്കിൽ ഗവർണർക്ക് സ്വയംവിവേചനപരമായ തീരുമാനമെടുക്കാം. 163 (2) അനുച്ഛേദവും നബാം റേബിയ, ബമാങ് ഫെലിക്സ് എന്നിവരും അരുണാചൽ പ്രദേശ് ഡെപ്യൂട്ടി സ്പീക്കറും തമ്മിലുള്ള കേസിൽ സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ചിന്റെ വിധിയും അതാണ് പറയുന്നത്.
Discussion about this post