ജയ്പുർ: പ്രധാനമന്ത്രി നരേന്ദ്രമോഡി ലോക രാജ്യങ്ങൾക്ക് മുന്നിൽ ഇന്ത്യയുടെ പ്രതിച്ഛായ തകർത്തെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മോഡിക്ക് സമ്പദ്ഘടനയെ കുറിച്ച് യാതൊന്നുമറിയില്ലെന്നും രാഹുൽ കുറ്റപ്പെടുത്തി. ജയ്പുരിൽ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു രാഹുൽ. ‘യുപിഎയുടെ ഭരണകാലത്ത് ഇന്ത്യയുടെ ജിഡിപി വളർച്ചാ നിരക്ക് ഒമ്പത് ശതമാനമായിരുന്നു. ലോകം മുഴുവൻ നമ്മെ ഉറ്റുനോക്കിക്കൊണ്ടിരിക്കുകയാണ്. ജിഡിപിയുടെ വളർച്ചാ നിരക്ക് കണക്കാക്കാൻ നിങ്ങളുടെ കൈയിൽ നൂതനമായ നിരവധി മാർഗങ്ങൾ ഉണ്ടാകും. നിങ്ങൾക്ക് അഞ്ചുശതമാനം വളർച്ചാ നിരക്ക് അതുപ്രകാരം ഉണ്ട്. എന്നാൽ പഴയരീതിയിൽ നോക്കുകയാണെങ്കിൽ ഇന്ന് ഇന്ത്യയുടെ ജിഡിപി വളർച്ചാ നിരക്ക് 2.25 ശതമാനമാണ്- രാഹുൽ ഗാന്ധി പറഞ്ഞു.
പ്രധാനമന്ത്രി ഒന്നെങ്കിൽ സാമ്പത്തിക ശാസ്ത്രം പഠിച്ചിരിക്കില്ല അല്ലെങ്കിൽ അത് മനസിലാകുന്നില്ല. മോഡിക്ക് ജിഎസ്ടി തന്നെ എന്താണെന്ന് അറിയില്ല. അദ്ദേഹമാണ് നോട്ട് നിരോധനം നടപ്പാക്കിയത്. ഒരു എട്ടുവയസ്സുകാരനായ പയ്യനോട് ചോദിച്ചുനോക്കൂ അവൻ പറയും നോട്ട് നിരോധനം മൂലം ഗുണത്തേക്കാൾ ദോഷമാണ് ഉണ്ടായതെന്ന്.
ലോകത്തിന് മുന്നിലുള്ള ഇന്ത്യയുടെ പ്രതിച്ഛായ വലുതായിരുന്നു. സാഹോദര്യമായിരുന്നു മുഖമുദ്ര. ആളുകൾ പാകിസ്താനെയാണ് വിമർശിച്ചിരുന്നത്. മോഡി ആ പ്രതിച്ഛായ തകർത്തു. ഇന്ന് ലോകത്തിന് മുന്നിൽ ബലാത്സംഗത്തിന്റെ തലസ്ഥാനമാണ് ഇന്ത്യയെന്നും ഇക്കാര്യങ്ങളില്ലെല്ലാം പ്രധാനമന്ത്രി മൗനത്തിലാണെന്നും രാഹുൽ കുറ്റപ്പെടുത്തി.
Discussion about this post