കോഴിക്കോട്: സംസ്ഥാനത്ത് നിപ്പ ബാധിച്ച് മരിച്ചത് ആരോഗ്യവകുപ്പ് കണക്കുകള്‍ പ്രകാരം 18 പേരല്ല, മറിച്ച് 21പേരാണെന്ന രാജ്യാന്തര പഠന റിപ്പോര്‍ട്ടിന് പിന്നാലെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍. കോഴിക്കോട് മരിച്ച റേഡിയോളജി അസിസ്റ്റന്റ് സുധയ്ക്കു നിപ്പ ബാധിച്ചിരുന്നതായി കുടുംബം പറയുന്നു.
മരണസമയത്തു തന്നെ ഇക്കാര്യത്തില്‍ സംശയമുണ്ടായിരുന്നുവെന്നു സുധയുടെ ഭര്‍ത്താവ് പറഞ്ഞു. മെഡിക്കല്‍ കോളേജ് അധികൃതര്‍ ഇതു പരിശോധിക്കാന്‍ കൂട്ടാക്കിയില്ല. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എക്സ്റെ അസിസ്റ്റന്റായ സുധ നിപ്പ ബാധിതനെ പരിചരിച്ചിരുന്നുവെന്നും ഭര്‍ത്താവ് വെളിപ്പെടുത്തി.
രോഗം ബാധിച്ച് ആദ്യം മരിച്ച ആരോഗ്യവകുപ്പ് സ്റ്റാഫ് നഴ്സ് ലിനിയല്ല കോഴിക്കോട് മെഡിക്കല്‍ കോളേജിലെ റേഡിയോളജി അസിസ്റ്റന്റാണെന്നും വിവാദ പഠന റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മെയ് 20-നാണു ലിനി മരിച്ചത്. എന്നാല്‍ 19-ന് റേഡിയോളജി അസിസ്റ്റന്റ് മരിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈ റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെയാണ് സുധയുടെ മരണം സംബന്ധിച്ച കൂടുതല്‍ കാര്യങ്ങളില്‍ സംശയം ഉന്നയിച്ചു കുടുംബം രംഗത്തെത്തിയിരിക്കുന്നത്.
Discussion about this post