കോട്ടയം: കുറവിലങ്ങാട് സ്വകാര്യ വ്യക്തിയുടെ ഭൂമിപരിശോധനയ്ക്ക് കൈക്കൂലി വാങ്ങിയ റവന്യൂ ഉദ്യോഗസ്ഥരെ കൈയ്യോടെ പൊക്കി വിജിലന്‍സ്. മീനച്ചില്‍ താലൂക്ക് സര്‍വേയര്‍ ജോയിക്കുട്ടി, ഹെഡ് സര്‍വേയര്‍ എസ് സജീവ് എന്നിവരാണ് കൈക്കൂലി വാങ്ങുന്നതിനിടെ കുടുങ്ങിയത്.
ആറ് വര്‍ഷമായി പരിഹരിക്കാതെ കിടക്കുന്ന ഭൂമിപ്രശ്നം പരിഹരിക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാകാത്തതില്‍ സഹികേട്ട് ഭൂ ഉടമ വെളിയന്നൂര്‍ അരീക്കര വലിയവീട്ടില്‍ വിടി കുരുവിളയുടെ പരാതിയിലാണ് വിജിലന്‍സിന്റെ നീക്കം.
സംഭവം ഇങ്ങനെ……
കുരുവിളിയുടെ പേരില്‍ 2 ആധാരങ്ങളില്‍ 24 സെന്റ് സ്ഥലമുണ്ടായിരുന്നു. അത് വില്ലേജ് മാറി റീ സര്‍വേ നടന്നപ്പോള്‍ 17 സെന്റായി കുറഞ്ഞു. ഇതിനകം 3 തവണ അളന്നു പോയിട്ടുണ്ട്. എന്നാല്‍ അളവിന്റെ ഫലം നല്കാന് അധികൃതര്‍ തയ്യാറായില്ല. വില്ലേജ് രേഖയില്‍ ഭൂമി കുറച്ചാണ് കാണിച്ചിരിക്കുന്നത്. ഇത് ശരിയാക്കി തരാം എന്ന് പറഞ്ഞ് കുരുവിളയെ നിരന്തരം ഓഫീസുകള്‍ കയറി ഇറക്കി.
അതിനിടയില്‍ ഒരു അത്യാവശ്യം വന്നതോടെ അപേക്ഷയുമായി വില്ലേജ് ഓഫിസില്‍ വീണ്ടും കുരുവിള എത്തി. അപേക്ഷ നല്കിയപ്പോള് താലൂക്കില്‍ നിന്ന് നോട്ടീസ് എത്തി. സര്‍വേയര്‍ വന്ന് നോക്കിയതല്ലാതെ തീര്‍പ്പൊന്നും ഉണ്ടാക്കിയില്ല. വീണ്ടും തഹസില്‍ദാര്‍ക്ക് അപേക്ഷ നല്കി. കളക്ടര്‍ക്ക് പരാതി നല്കി. ഇതിനും മറുപടി ഉണ്ടായില്ല. അങ്ങനെ വീണ്ടും സര്‍വേയറെ കാണാമെന്നു കരുതി ഓഫിസിലെത്തിയപ്പോള്‍ ഫയല്‍ അവിടെ ഇല്ലെന്ന ന്യായീകരണമാണ് ഉദ്യോഗസ്ഥര്‍ നടത്തിയത്.
വീണ്ടും ചെന്നപ്പോഴാണ് കൈക്കൂലി ആവശ്യപ്പെട്ടത്. അത്യാവശ്യമാണ്, സ്ഥലം മകന് എഴുതിക്കൊടുക്കാനാണ് എന്നു പറഞ്ഞപ്പോള്‍ ഞങ്ങള്‍ എഴുതി തന്നാലല്ലേ കൊടുക്കൂ എന്നായി. അത്യാവശ്യമായതു കൊണ്ട് കൊടുത്തേക്കാം എന്നു പറഞ്ഞതോടെ അവരും ഉറപ്പു പറഞ്ഞു. പിന്നീടാണ് കുരുവിള വിജിലന്സുമായി ബന്ധപ്പെട്ടത്. ഇത് പ്രകാരം പത്തോളം വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് പ്ലാന്‍ തയ്യാറാക്കി റവന്യൂ ഉദ്യോഗസ്ഥരെ കുടുക്കുകയായിരുന്നു.
ഉദ്യോഗസ്ഥരെ കുടുക്കിയത് ഇങ്ങനെ…
മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അടക്കം 15 വിജിലന്‍സ് ഉദ്യോഗസ്ഥര്‍ അരീക്കരയിലേക്ക് എത്തി. ഒരു ഉദ്യോഗസ്ഥന് വിടി കുരുവിളയുടെ ബന്ധുവിന്റെ വേഷം അണിഞ്ഞു. കാറുമായി പാലായില്‍ പോയി സര്‍വേ ഓഫിസിലെ 2 ഉദ്യോഗസ്ഥരെയും അരീക്കരയില്‍ കൊണ്ടുവന്നു.
കഥയില്‍ മറ്റൊരു ട്വിസ്റ്റ് ഉണ്ടായി. സര്‍വേയര്‍മാര്‍ സ്ഥലത്തിന്റെ അളവ് പരിശോധന നടത്തുമ്പോള്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ തൊഴിലാളികളുടെ വേഷത്തില്‍ ഇതേ പുരയിടത്തില്‍ ഉണ്ടായിരുന്നു. അളവ് ജോലികളില്‍ സഹായിക്കുകയും ചെയ്തു. ജോലികള്‍ കഴിഞ്ഞതോടെ ചായ കുടിക്കാനായി വീട്ടിലേക്കു ക്ഷണിച്ചു. വീടിനകത്ത് ചായ കുടിച്ചു കൊണ്ടിരിക്കെയാണ് 2 ഉദ്യോഗസ്ഥര്‍ക്കും കൈക്കൂലി പണം കൈമാറിയത്. അപ്പോഴാണ് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ വീട്ടുനുള്ളില് കയറി ഇവരെ അറസ്റ്റ് ചെയ്തത്.
Discussion about this post