കോഴിക്കോട്: തന്നെ കെപിസിസി യോഗത്തിലേക്ക് വിളിച്ചിട്ടില്ലെന്ന് കെ മുരളീധരന് എംപി. കെപിസിസി ഭാരവാഹി പട്ടികയെ ചൊല്ലി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും കെ മുരളീധരനും തമ്മില്‍ വാക്പോരുമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് കെപിസിസി യോഗത്തിലേക്ക് തന്നെ വിളിച്ചിട്ടില്ലെന്ന് പറഞ്ഞ് മുരളീധരന് രംഗത്തെത്തിയിരിക്കുന്നത്.
കെപിസിസി അധ്യക്ഷന്റെ വിവേചനാധികാരത്തെ ചോദ്യം ചെയ്യാനില്ല. എല്‍ഡിഎഫിന്റെ മനുഷ്യ മഹാ ശൃംഖലയില്‍ യുഡിഎഫ് അണികള്‍ പങ്കെടുത്തത് നേതാക്കള്‍ ഗൗരവത്തോടെ കാണണമെന്നും ഇക്കാര്യം രമേശ് ചെന്നിത്തലയുമായി സംസാരിച്ചിട്ടുണ്ടെന്നും മുരളീധരന് പറഞ്ഞു. സംസ്ഥാനത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ക്ക് വേണ്ടവിധത്തില്‍ നേതൃത്വം നല്കാന് കോണ്‍ഗ്രസിന് കഴിഞ്ഞില്ലെന്ന് മുരളീധരന് നേരത്തെ പ്രതികരിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് കെപിസിസി ഭാരവാഹി പട്ടികയെ ചൊല്ലി മുല്ലപ്പള്ളി രാമചന്ദ്രനും കെ.മുരളീധരനും തമ്മില്‍ വാക്പോരുമുണ്ടായത്. ബൂത്ത് പ്രസിഡന്റ് ആകാന്‍ പോലും യോഗ്യതയില്ലാത്തവര്‍ ഭാരവാഹികളാകുന്നുവെന്നും ഇത് പാര്‍ട്ടിക്ക് ദോഷമാണെന്നും മുരളീധരന് പറഞ്ഞിരുന്നു. പാര്‍ട്ടിയില്‍ അച്ചടക്കമില്ലാതെ മുന്നോട്ട് പോവാനാവില്ലെന്നും കാര്യങ്ങള്‍ പറയേണ്ട സ്ഥലത്താണ് പറയേണ്ടതെന്നും മുരളീധരനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് മുല്ലപ്പള്ളി പ്രതികരിച്ചു.
Discussion about this post