വാഷിങ്ടൺ: യുഎസിൽ സ്ഥിരീകരിച്ച ആദ്യ കൊറോണ വൈറസ് ബാധിതനെ ചികിത്സിക്കുന്നത് നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ. രോഗിയെ ചികിത്സിക്കാൻ റോബോട്ടുകളെയാണ് പ്രധാനമായും ഉപയോഗിക്കുന്നതെന്ന് യുഎസ് സെന്റർ ഫോർ ഡിസീസ് അധികൃതർ വ്യക്തമാക്കി. സ്‌റ്റെതസ്‌കോപ്പും, ക്യാമറയും മൈക്രോഫോണും ഘടിപ്പിച്ച റോബോട്ടിനെ ഡോ. ജോർജ് ഡയസിന്റെ നേതൃത്വത്തിലാണ് ചികിത്സയ്ക്കായി ഉപയോഗിക്കുന്നത്.
വൈറസ് അനിയന്ത്രിതമായി പടരുന്ന പശ്ചാത്തലത്തിലാണ് റോബോട്ടുകളെ ചികിത്സയ്ക്ക് ഉപയോഗിക്കുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. മുപ്പതുകാരനായ രോഗി വാഷിങ്ടണിലെ എവറെറ്റിലെ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്.
ഐസൊലേഷനിൽ കഴിയുന്ന രോഗിയുടെ നില തൃപ്തികരമാണ്. അതീവസുരക്ഷയ്ക്കായി ഐസോപ്പോഡ് സംവിധാനത്തിലാണ് ചികിത്സ. ശരീരം മുഴുവൻ മൂടുന്ന തരത്തിലുള്ള അതീവ സുരക്ഷാവസ്ത്രങ്ങളും ഹെൽമെറ്റും ധരിച്ച സുരക്ഷാജീവനക്കാർ ഐസോലേഷൻ റൂമിൽ കാവൽ നിൽക്കുന്നുണ്ട്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചൈന സന്ദർശനത്തിനുശേഷം അമേരിക്കയിലേക്ക് മടങ്ങിയെത്തിയ ഇയാൾ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് പരിശോധന നടത്തുകയായിരുന്നു.
Discussion about this post