ന്യൂഡൽഹി: അന്തരിച്ച മുൻകേന്ദ്രമന്ത്രിമാരായ അരുൺ ജെയ്റ്റ്‌ലിക്കും സുഷമ സ്വരാജിനും മരണാനന്തര ബഹുമതിയായി പത്മ വിഭൂഷൺ സമ്മാനിക്കും. കായികതാരം മേരികോം അടക്കം ഏഴ് പേർക്കാണ് റിപ്പബ്ലിക് ദിനാഘോഷത്തിന് മുന്നോടിയായി പത്മ വിഭൂഷൺ പ്രഖ്യാപിച്ചിരിക്കുന്നത്. മലയാളികളായ ശ്രീ എം, അന്തരിച്ച നിയമവിദഗ്ധൻ എൻആർ മാധവമേനോൻ എന്നിവർക്കടക്കം പത്മഭൂഷൺ പുരസ്‌കാരവും പ്രഖ്യാപിച്ചു. ആകെ ഏഴ് മലയാളികളാണ് ഇത്തവണ പത്മ പുരസ്‌കാരപട്ടികയിൽ ഇടം നേടിയത്.
ആത്മീയഗുരു ശ്രീ എം, അന്തരിച്ച നിയമവിദഗ്ദ്ധൻ എൻആർ മാധവമേനോൻ എന്നിവർ പത്മഭൂഷൺ പുരസ്‌കാരം നേടി. ഡോ.കെഎസ് മണിലാൽ, എംകെ കുഞ്ഞോൾ, എൻ ചന്ദ്രശേഖരൻ നായർ, മൂഴിക്കൽ പങ്കജാക്ഷിയമ്മ, സത്യനാരായണൻ മുണ്ടയൂർ എന്നിവരെ പത്മശ്രീ പുരസ്‌കാരം നൽകി രാജ്യം ആദരിച്ചു.
രാജ്യത്തെ രണ്ടാമത്തെ പരമോന്നത ബഹുമതിയായ പത്മവിഭൂഷൺ ലഭിച്ച നാല് പേരും രാഷ്ട്രീയനേതാക്കളാണ്. പോയ വർഷം അന്തരിച്ച രാഷ്ട്രീയ നേതാക്കളായ ജോർജ് ഫെർണാണ്ടസ്, അരുൺ ജെയ്റ്റ്‌ലി, സുഷമ സ്വരാജ്, മൗറീഷ്യസ് മുൻപ്രധാനമന്ത്രിയും പ്രസിഡന്റുമായിരുന്ന അനീറൂഡ് ജുഗ്‌നൗത്, കായികതാരം മേരികോം, അന്തരിച്ച ഉഡുപ്പി പേജാവർ മഠാധിപതി വിശ്വേശരതീർത്ഥ പേജാവര അധോക് രാജ മാതാ ഉഡുപ്പി, ഹിന്ദുസ്ഥാനി സംഗീതജ്ഞൻ ഛനുലാൽ മിശ്ര എന്നിവരെയാണ് ഈ വർഷം പത്മവിഭൂഷൺ പുരസ്‌കാരം നൽകി രാജ്യം ആദരിച്ചത്. മലയാളിയായ ആത്മീയഗുരു ശ്രീ എം, നിയമവിദഗ്ദ്ധൻ എൻആർ മാധവമേനോൻ, വ്യവസായി ആനന്ദ് മഹീന്ദ്ര, അന്തരിച്ച മുൻഗോവമുഖ്യമന്ത്രി മനോഹർ പരീക്കർ, കായികതാരം പിവി സിന്ധു, അമേരിക്കൻ വ്യവസായി വേണു ശ്രീനിവാസ് എന്നിവരടക്കം 16 പേരാണ് പത്മഭൂഷൺ പുരസ്‌കാരം നേടിയത്.
118 പേർക്കാണ് ഇക്കുറി പത്മശ്രീ പുരസ്‌കാരം നൽകിയത്. ഇതിൽ അഞ്ച് പേർ മലയാളികളാണ്. ക്രിക്കറ്റ് താരം സഹീർ ഖാൻ, ബോളിവുഡ് സംവിധായകൻ കരൺ ജോഹർ, സീരിയൽ സംവിധായിക എക്ത കപൂർ, നടി കങ്കണ റണാവത്ത്, ഗായകൻ അദ്‌നാൻ സമി എന്നിവരാണ് പത്മശ്രീ പട്ടികയിൽ ഇടം നേടിയ ചിലർ.
Discussion about this post