ന്യൂഡല്‍ഹി: വോട്ടര്‍ ഐഡിയെ ആധാറുമായി ബന്ധിപ്പിക്കുന്നതിന്, ജനപ്രാതിനിധ്യ നിയമത്തില്‍ ഭേദഗതി വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. ഇതിനായി നിയമ മന്ത്രാലയം കരട് തയാറാക്കാനുള്ള നടപടി തുടങ്ങി. ഒരാള്‍ ഒന്നിലേറെ സ്ഥലങ്ങളില്‍ വോട്ടര്‍ പട്ടികയില്‍ ഇടംപിടിക്കുന്നതും വോട്ടു ചെയ്യുന്നതും ഉള്‍പ്പെടെയുള്ള ക്രമക്കേടുകള്‍ ഇതിലുടെ ഒഴിവാക്കാനാവുമെന്ന വിലയിരുത്തലിലാണ് നടപടി.
വോട്ടര്‍ തിരിച്ചറിയല്‍ രേഖയെ ആധാറുമായി ബന്ധിപ്പിക്കണമെന്ന നിര്‍ദേശം മുന്നോട്ടുവച്ചത് തെരഞ്ഞെടുപ്പു കമ്മിഷന്‍ ആണ്. വോട്ടര്‍ പട്ടിക കുറ്റമറ്റതാക്കുന്നതിന് 2015ല്‍ കമ്മിഷന്‍ തുടക്കമിട്ട പദ്ധതിയില്‍ വോട്ടര്‍മാരുടെ ആധാര്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ച് 30 കോടി വോട്ടര്‍മാരുടെ ആധാര്‍ വിവരങ്ങള്‍ കമ്മിഷന്‍ ശേഖരിക്കുകയും ചെയ്തു. എന്നാല്‍ ഭക്ഷ്യ പൊതുവിതരണം, പാചക വാതകം തുടങ്ങിയ ഏതാനും സര്‍വീസുകള്‍ക്കല്ലാതെ ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന സുപ്രീംകോടതി വിധിയോടെ കമ്മിഷന്‍ ഈ പദ്ധതി നിര്‍ത്തിവയ്ക്കുകയായിരുന്നു.
അതിനാല്‍ ഇനി, വോട്ടര്‍ ഐഡി ആധാറുമായി ബന്ധിപ്പിക്കണമെന്നങ്കില്‍ നിയമഭേദഗതി വേണം. ഇക്കാര്യം വ്യക്തമാക്കി കമ്മിഷന്‍ നിയമ മന്ത്രാലയത്തിന് കത്ത് എഴുതിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്.
ഇതിനായുള്ള കരടാണ് നിയമ മന്ത്രാലയം തയാറാക്കുന്നത്. ബജറ്റ് സമ്മേളനം തുടങ്ങുന്ന ജനുവരി 31ന് മുമ്പ് കരട് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലുള്ള കാബിനറ്റ് സമിതിക്കു മുന്നില്‍ സമര്‍പ്പിക്കാനാവുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. പുതിയ വോട്ടര്‍മാര്‍ പേരു ചേര്‍ക്കുമ്പോള്‍ ആധാര്‍ വിവരങ്ങള്‍ കൂടി ആരായാന്‍ തെരഞ്ഞെടുപ്പു കമ്മിഷനെ അധികാരപ്പെടുത്തുന്നതാണ് ഭേദഗതി. നിലവിലുള്ള വോട്ടര്‍മാരുടെ ആധാര്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്താനുള്ള വ്യവസ്ഥകളും ഭേദഗതിയിലുണ്ടാവും.
Discussion about this post