ന്യൂഡല്‍ഹി: ചൈനയിലെ വുഹാനില്‍ കുടുങ്ങി കിടക്കുന്ന വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ ഇടപെട്ട് ഇന്ത്യന്‍ എംബസി. സംഭവത്തില്‍ എംബസി ഉദ്യോഗസ്ഥര്‍ ചൈനീസ് അധികൃതരുമായി സംസാരിച്ചു. സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്ന് എംബസി വ്യക്തമാക്കി.
കൊറോണ വൈറസ് പടരുന്ന ചൈനയില്‍ 20 മലയാളി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 56 പേര്‍ കുടുങ്ങി കിടക്കുകയാണ്. വിദ്യാര്‍ത്ഥികള്‍ക്ക് തിരികെ നാട്ടിലെത്താന്‍ കഴിയാത്ത അവസ്ഥയാണ്. ഭക്ഷണം പോലും കിട്ടാത്ത സാഹചര്യമാണെന്ന് കുട്ടികള്‍ പറയുന്നു.
കോഴ്‌സ് പൂര്‍ത്തിയാക്കി ഇന്റേണ്‍ഷിപ്പിനായി സര്‍വ്വകലാശാലയില്‍ തുടരുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥികളാണ് ദുരിതത്തിലായത്. നേരത്തെ ചില വിദ്യാര്‍ത്ഥികള്‍ നാട്ടിലേക്ക് മടങ്ങിയിരുന്നെങ്കിലും പ്രദേശത്ത് രോഗം പടര്‍ന്നതോടെ ബാക്കിയുള്ളവര്‍ക്ക് സര്‍വ്വകലാശാല നിയന്ത്രണം കൊണ്ടുവന്നു. ആകെ 56 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് സംഘത്തിലുള്ളത്.
അതേസമയം, പുറത്തുപോകരുതെന്നും വേണ്ട സുരക്ഷാക്രമീകരണങ്ങള്‍ സ്വീകരിക്കണമെന്നും കുട്ടികള്‍ക്ക് സര്‍വ്വകലാശാല നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൊറോണ വൈറസ് പടര്‍ന്ന വുഹാന്‍ നഗരത്തിലെ ഗതാഗത സംവിധാനങ്ങളെല്ലാം നിര്‍ത്തിയിരിക്കുകയാണ്. വിമാനത്താവളങ്ങളിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഇതുവരെ ചൈനയില്‍ 25 പേരാണ് കൊറോണ വൈറസ് ബാധിച്ച് മരിച്ചത്.
Discussion about this post