മംഗളൂരു: മംഗളൂരു വിമാനത്താവളത്തിൽ അതീവ തീവ്രതയുള്ള ബോംബ് വെച്ച സംഭവത്തിൽ പോലീസിൽ കീഴടങ്ങിയ ഉഡുപ്പി സ്വദേശി ആദിത്യറാവുവിനെ പോലീസ് ചോദ്യം ചെയ്യുന്നു. ബംഗളൂരുവിൽ നിന്ന് മംഗളൂരുവിൽ എത്തിച്ച ഇയാളെ ഇന്ന് തെളിവെടുപ്പ് നടത്തും. ജോലി ചെയ്ത സ്ഥലത്തും താമസിച്ചിരുന്ന സ്ഥലത്തുമാണ് തെളിവെടുപ്പ് നടത്തുക. ബോംബുവെച്ചത് താനാണെന്ന് ആദിത്യറാവു സമ്മതിച്ചിട്ടുണ്ട്. എങ്കിലും പോലീസ് വിശദമായ അന്വേഷണം ഇക്കാര്യത്തിൽ നടത്തും.
താൻ ഓൺലൈൻ വഴിയാണ് ബോംബുനിർമാണത്തിനുള്ള വസ്തുക്കൾ വാങ്ങിച്ചതെന്നും യുട്യൂബ് നോക്കിയാണ് ബോംബ് നിർമിക്കാനുള്ള വിദ്യ പഠിച്ചതെന്നും ഇയാൾ വെളിപ്പെടുത്തിയിട്ടുണ്ട്. ഇയാൾക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നാണ് കുടുംബം പറയുന്നത്. എന്നാൽ ഓൺലൈനിൽ നിന്ന് സാധനങ്ങൾ വാങ്ങി, യുട്യൂബ് നോക്കി ബോംബുണ്ടാക്കാൻ സാധിച്ചത് എങ്ങനെയാണെന്നതാണ് പോലീസിനെ കുഴക്കുന്നത്.
ഒപ്പം അതീവ സുരക്ഷാ മേഖലയായ മംഗളൂരു വിമാനത്താവളത്തിന്റെ ടിക്കറ്റ് കൗണ്ടർ വരെ ഇയാളെങ്ങനെ എത്തി എന്നാണ് പോലീസ് അന്വേഷിക്കുന്നത്. അതിതീവ്ര സ്ഫോടനത്തിന് സാധ്യതയുള്ള ബോംബാണ് കണ്ടെത്തിയത് എന്നാണ് പോലീസ് ആദ്യഘട്ടത്തിൽ നൽകിയ സൂചന. കർണാടക പോലീസ് മേധാവി നീലമണി രാജുവിന്റെ ഓഫീസിലെത്തി കീഴടങ്ങിയ ആദിത്യറാവുവിനെ പ്രാഥമിക ചോദ്യംചെയ്യലിനുശേഷം റാവുവിനെ മംഗളൂരു പോലീസിന് കൈമാറി. ബംഗളൂരുവിൽ നിന്ന് മാംഗളൂരുവിൽ എത്തിച്ച ഇയാളെ വിശദമായ ചോദ്യം ചെയ്യും തെളിവെടുക്കും.
Discussion about this post