എരുമേലി: ശബരിമലയിലെ തീര്‍ഥാടകരുടെ കുറവ് മൂലം എരുമേലിയില്‍ കടകള്‍ ലേലത്തിനെടുത്ത കച്ചവടക്കാര്‍ പ്രതിസന്ധിയില്‍. മണ്ഡലകാലം ഒരാഴ്ച പിന്നിടുമ്പോള്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ അഞ്ചിലൊന്ന് തീര്‍ത്ഥാടകരാണ് എരുമേലിയില്‍ എത്തിയത്.
ലക്ഷങ്ങള്‍ മുടക്കി ദേവസ്വം ബോര്‍ഡില്‍ നിന്നും ലേലം പിടിച്ച കടക്കാര്‍ എന്ത് ചെയ്യണമെന്നറിയാതെ ബുദ്ധിമുട്ടുകയാണ്. അതേസമയം, ലേലത്തുകയില്‍ കുറവ് വരുത്തണമെന്നാവശ്യപ്പെട്ട് ദേവസ്വം ബോര്‍ഡിനെ സമീപിച്ചിരിക്കുകയാണ് ഇവര്‍.
നടപ്പന്തലിലെ കടകള്‍ക്ക് മാത്രം ശരാശരി 10 ലക്ഷം രൂപയാണ് ചെലവ്. തീര്‍ഥാടകര്‍ കുറഞ്ഞതിനാല്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 30 ശതമാനം വരെ കുറച്ചാണ് ഇത്തവണ ദേവസ്വം ബോര്‍ഡ് ലേലം നടത്തിയത്. ഇനിയും 17 കടകള്‍ ലേലത്തില്‍ പോകാനുണ്ട്.
ഈ സഹാചര്യത്തിലാണ് ലേലത്തുക കുറച്ച് മടക്കിത്തരണമെന്ന് ആവശ്യപ്പെടാന്‍ കരാറുകാര്‍ തീരുമാനിച്ചത്. 75 ലക്ഷം രൂപക്ക് തേങ്ങ ലേലത്തില്‍ പിടിച്ച കരാറുകാരനും തുക കുറയ്ക്കണമെന്നാവശ്യപ്പെട്ടു. ദേവസ്വം ബോര്‍ഡാണ് ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കേണ്ടതെന്ന് എരുമേലി ദേവസ്വം അധികൃതര്‍ വ്യക്തമാക്കി.
Discussion about this post