ബംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിനും എന്‍ആര്‍സിക്കും എതിരെ രൂക്ഷമായി പ്രതികരിച്ച് നടന്‍ പ്രകാശ് രാജ്. രാജ്യത്ത് ഇപ്പോള്‍ മൂവായിരം കോടിയുടെ പ്രതിമകള്‍ അല്ല ആവശ്യമെന്നും വേണ്ടത് രാജ്യത്തെ തൊഴിലില്ലാത്ത യുവാക്കളുടേയും വിദ്യാഭ്യാസമില്ലാത്ത കുട്ടികളുടേയും വിവരങ്ങളടങ്ങിയ രജിസ്റ്ററാണ് വേണ്ടതെന്നുമാണ് പ്രകാശ് രാജ് പറഞ്ഞത്. ഹൈദരാബാദില്‍ പൗരത്വ നിയമത്തിനും എന്‍ആര്‍സിക്കും എതിരായി നടന്ന പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് അദ്ദേഹം ഇത്തരത്തില്‍ പ്രതികരിച്ചത്.
ഇപ്പോള്‍ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധ സമരം അക്രമാസക്തമാകണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. അതുകൊണ്ട് തന്നെ അക്രമരഹിത പാതയില്‍ പ്രതിഷേധത്തെ നയിക്കാന്‍ സംഘാടകര്‍ ശ്രമിക്കണമെന്നും പ്രകാശ് രാജ് പറഞ്ഞു.
‘ഈ രാജ്യം എല്ലാവരുടേതുമാണ്. 3,000 കോടി രൂപയുടെ പ്രതിമകള്‍ ഞങ്ങള്‍ക്ക് ആവശ്യമില്ല. ഒരു ദേശീയ രജിസ്റ്റര്‍ തയ്യാറാക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അത് തൊഴിലില്ലാത്ത യുവാക്കളുടേയും വിദ്യാഭ്യാസമില്ലാത്ത കുട്ടികളുടേയും വിവരങ്ങളടങ്ങിയ രജിസ്റ്ററാകണം, അസമിലെ 19 ലക്ഷം പേര്‍ക്കാണ് പൗരത്വം നിഷേധിച്ചത്. കാര്‍ഗില്‍ യുദ്ധത്തില്‍ പോരാടിയ ഒരു യുദ്ധവീരന്റെ പേര് പോലും എന്‍ആര്‍സി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിന് കാരണം അദ്ദേഹമൊരു മുസ്ലീം ആയതുകൊണ്ടാണ്’ എന്നുമാണ് പ്രകാശ് രാജ് പറഞ്ഞത്.
Discussion about this post