മലപ്പുറം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനത്ത് പ്രതിഷേധം തുടരുന്നു. ഫ്രറ്റേണിറ്റി മൂവ്‌മെന്റിന്റെ നേതൃത്വത്തില്‍ ഇന്ന് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം ഉപരോധിച്ചു. ഉപരോധം ഏറെ നേരം നീണ്ടതോടെ ഫ്രറ്റേണിറ്റി സംസ്ഥാന നേതാക്കളെയും ഏതാനും പ്രവര്‍ത്തകരെയും പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
നൂറുകണക്കിന് പ്രവര്‍ത്തകരാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. വിമാനത്താവളത്തിന് തൊട്ടു മുമ്പിലുള്ള പ്രധാന ജംഗ്ഷനില്‍ റോഡില്‍ കുത്തിയിരുന്ന് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു. ഉപരോധം ഏറെ നേരം പിന്നിട്ടതോടെ പോലീസ് ഇടപെട്ട് നേതാക്കളെയും പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്ത് നീക്കി.
ഇതിനിടെ അറസ്റ്റില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ എയര്‍പോര്‍ട്ടിന് മുന്നിലുള്ള കോഴിക്കോട് – പാലക്കാട് ദേശീയപാത ഉപരോധിക്കുമെന്ന് പ്രഖ്യാപിച്ചു. എന്നാല്‍ അറസ്റ്റ് ചെയ്ത പ്രവര്‍ത്തകരെ പോലീസ് വിട്ടയക്കുമെന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ദേശീയപാത ഉപരോധം ഒഴിവാക്കുകയാണെന്ന് നേതാക്കള്‍ അറിയിച്ചു.
Discussion about this post