മണർക്കാട്: സ്വകാര്യ ബസിന്റെ മരണപ്പാച്ചിലിൽ ഗുരുതരമായി പരിക്കേറ്റ് യാത്രക്കാരി. ചവിട്ടുപടിയിൽ കയറുന്നതിനു മുമ്പ് അതിവേഗത്തിൽ മുന്നോട്ടെടുത്ത ബസിൽ നിന്നും താഴെ വീണ് എൺപത്തഞ്ചുകാരിയുടെ കാലിൽ പിൻചക്രം കയറിയിറങ്ങി. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച അന്നമ്മയുടെ വലതു കാൽമുട്ടിനു താഴെ മുറിച്ചുമാറ്റേണ്ടി വരുമെന്നു ഡോക്ടർമാർ അറിയിച്ചതായി പോലീസ് പറഞ്ഞു. ഇടുപ്പെല്ലിനും ഇടതു കാലിന്റെ ഉപ്പൂറ്റിക്കും പരുക്കുണ്ട്. വെള്ളൂർ ഇല്ലിവളവ് തെക്കെക്കുറ്റ് അന്നമ്മ ചെറിയാൻ ആണു മണർകാട് പള്ളി ജംക്ഷനിൽ വെച്ച് അപകടത്തിൽപെട്ടത്.
ഇന്നലെ ഉച്ചയ്ക്കു രണ്ടിനാണു സംഭവം. മണർകാട് പള്ളിയിൽ കല്യാണത്തിൽ പങ്കെടുത്ത ശേഷം മടങ്ങുമ്പോഴായിരുന്നു അപകടം. പള്ളി ജംക്ഷനിൽ നിന്നു മണർകാട് കവലയിലേക്കു പോകാൻ, പാലായിൽ നിന്ന് കോട്ടയത്തേക്കു പോകുന്ന ബീന ബസിൽ അന്നമ്മ കയറുന്നതിനിടെയാണ് അപകടമുണ്ടായത്. വാതിൽ പടി പൂർണ്ണമായി കയറുന്നതിനു മുമ്പേ ബസ് ബെൽ അടിച്ചു മുന്നോട്ട് എടുത്തതായി ദൃക്‌സാക്ഷികൾ പറയുന്നു.
നിലത്തു വീണ അന്നമ്മയുടെ വലതുകാലിൽ ചക്രം പൂർണ്ണമായും ഇടതുകാലിൽ ഭാഗികമായും കയറി. ഉടൻ പള്ളി ആശുപത്രിയിൽ എത്തിച്ചു, പിന്നീട് മെഡിക്കൽ കോളേജിലും. വലതുകാലിലെ ഞരമ്പുകൾ ചതഞ്ഞരഞ്ഞ നിലയിലാണെന്ന് ഡോക്ടർമാർ അറിയിച്ചു. ബസ് ജീവനക്കാർ ആശുപത്രിയിൽ എത്തിയെങ്കിലും നാട്ടുകാരുടെ പ്രതിഷേധം ഭയന്ന് കടന്നുകളഞ്ഞു.
Discussion about this post