തിരുവനന്തപുരം: മണല്‍ ഈച്ചകള്‍ പകര്‍ത്തുന്ന കരിമ്പനി സംസ്ഥാനത്ത് വീണ്ടും പടര്‍ന്നു പിടിക്കുന്നു. മലപ്പുറത്ത് ഒരാള്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടു. ഇതേ തുടര്‍ന്ന് ആരോഗ്യവകുപ്പും കരുതലോടെ മുന്‍പോട്ട് നീങ്ങുകയാണ്. രണ്ട് വര്‍ഷത്തിനിടെ മൂന്നാമത്തെ ആള്‍ക്കാണ് ഇപ്പോള്‍ കരിമ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. സംസ്ഥാനത്ത് മണലീച്ചയുടെ സാന്നിധ്യമുണ്ടെങ്കിലും രോഗവാഹികളായ ഈച്ചകള്‍ കുറവാണെന്നാണ് നിഗമനം. രോഗികളുടെ എണ്ണം കുറയാന്‍ കാരണവും അതാണ്.
മറുനാടന്‍ തൊഴിലാളികളുടെ സാന്നിധ്യം രോഗപ്പകര്‍ച്ചയ്ക്ക് കാരണമാകുന്നുണ്ടെന്നാണ് വിലയിരുത്തല്‍. പശ്ചിമബംഗാളിലും ഒഡിഷ, ബിഹാര്‍ എന്നിവിടങ്ങളിലും കരിമ്പനി കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ലോകത്ത് വര്‍ഷം പത്തുലക്ഷത്തോളം പേര്‍ക്ക് രോഗം പിടിപെടുന്നുണ്ടെന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്ക്. നേരത്തെ തിരിച്ചറിഞ്ഞാല്‍ കരിന്പനി പൂര്‍ണ്ണമായും ചികിത്സിച്ച് ഭേദമാക്കാമെന്ന് ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ കെജെ റീന പറഞ്ഞു.
കരിമ്പനി ഗുരുതരമായാല്‍ കരളിനെ ബാധിക്കുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കരിമ്പനി പിടിപെട്ടയാളെ കടിക്കുന്ന മണലീച്ചകള്‍ വഴി പകരും. കരിമ്പനി പിടിപ്പെട്ടാല്‍ ആദ്യം തൊലിപ്പുറത്ത് വ്രണമുണ്ടാകും. ശേഷമാണ് പനിയായി മാറുന്നത്. പനി കലശലായാല്‍ ചുവന്ന രക്താണുക്കള്‍ ശരീരത്തില്‍ കുറയും. ഇതോടെ കരളിനെയും സാരമായി ബാധിക്കും. കരിമ്പനി ബാധിച്ച വ്യക്തിയ്ക്ക് ഭാരം കുറയുകയും ചെയ്യും.
Discussion about this post