ടെഹ്‌റാന്‍: ഇറാന്‍ സൈനിക ജനറല്‍ ഖാസിം സുലൈമാനിയെ അമേരിക്ക വധിച്ചതിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മില്‍ സംഘര്‍ഷം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇറാന്‍-അമേരിക്ക സംഘര്‍ഷം ഏറെ ആശങ്കയോടെയാണ് ഇന്ത്യ ഉറ്റു നോക്കുന്നത്. സംഘര്‍ഷം തുടര്‍ന്നാല്‍ ഇന്ത്യയുടെ വിദേശ നയത്തെ മാത്രമല്ല സാമ്പത്തിക രംഗത്തെയും ഇത് സാരമായി തന്നെ ബാധിക്കും.
അതിനാല്‍ ഇറാനും അമേരിക്കയ്ക്കുമിടയില്‍ സമതുലന നയതന്ത്രം പുലര്‍ത്തുകയെന്നത് ഇന്ത്യക്കുള്ള പ്രധാന വെല്ലുവിളിയായി മാറിയിരിക്കുകയാണ്. അമേരിക്കന്‍ ഉപരോധത്തെത്തുടര്‍ന്ന് ഇറാനില്‍ നിന്ന് ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യുന്നില്ല. എന്നിരുന്നാലും ഇറാന്‍ അമേരിക്ക സംഘര്‍ഷം ഇറാഖില്‍ നിന്നുള്‍പ്പടെയുള്ള ചരക്ക് നീക്കത്തിന് വെല്ലുവിളിയാണ്.
സുലൈമാനിയുടെ വധത്തിന് പിന്നാലെ എണ്ണവിലയില്‍ നാല് ശതമാനം വര്‍ധയുണ്ടായി. തല്‍സ്ഥിതി തുടര്‍ന്നാല്‍, അഞ്ചില്‍ താഴെ നില്ക്കുന്ന ആഭ്യന്തര വളര്‍ച്ചാ നിരക്ക് ഇനിയും താഴോട്ട് പോകും. ഇറാനുമായി ചേര്‍ന്നുള്ള ഛബ്ബര്‍ തുറമുഖ പദ്ധതിയെയും സംഘര്‍ഷം ബാധിക്കാന്‍ സാധ്യതയുണ്ട്. ഈമാസം 11 ന് ദില്ലിയില്‍ നടക്കുന്ന റെയ്‌സിന ഉച്ചകോടിയില്‍ ഇന്ത്യയുടെ ആശങ്കകള്‍ അറിയിച്ചേക്കും.
Discussion about this post