തിരുവനന്തപുരം: പ്രവാസി മലയാളികളുടെ പ്രശ്നങ്ങൾ ചർച്ചചെയ്യാനായി ഒരുക്കിയ വേദിയായ ലോക കേരള സഭയ്ക്കും സംസ്ഥാന സർക്കാരിനും അഭിനന്ദനവുമായി രാഹുൽ ഗാന്ധി. സമ്മേളനം കോൺഗ്രസും യുഡിഎഫ് കക്ഷികളും ബഹിഷ്കരിച്ചതിനിടെയാണ് രാഹുൽ അഭിനന്ദനവുമായി രംഗത്തെത്തിയിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ രാഹുലിന്റെ അഭിനന്ദന കത്ത് ട്വിറ്ററിലൂടെ പങ്കുവെയ്ക്കുകയും നന്ദി അറിയിക്കുകയും ചെയ്തതോടെ യഥാർത്ഥത്തിൽ നാണക്കേടിലായിരിക്കുകയാണ് പ്രതിപക്ഷം. പ്രവാസികളുടെ ഏറ്റവും മികച്ച വേദിയാണ് ലോക കേരള സഭയെന്ന് രാഹുൽ കത്തിൽ പറയുന്നു. അതിനെ അഭിനന്ദിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. ഡിസംബർ 12-നാണ് രാഹുൽ കത്തയച്ചിരിക്കുന്നത്.
സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന സർക്കാർ ധൂർത്താണ് നടത്തുന്നതെന്ന് ആരോപിച്ചാണ് ഇത്തവണത്തെ സമ്മേളനം യുഡിഎഫ് ബഹിഷ്കരിച്ചത്. ഒന്നാം സമ്മേളനത്തിലെടുത്ത 60 തീരുമാനങ്ങളിൽ ഒന്നുപോലും ഫലപ്രദമായി നടപ്പാക്കിയില്ലെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു. ലോക കേരള സഭയുടെ വൈസ്. ചെയർമാൻ സ്ഥാനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രാജിവെക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന രണ്ടാം സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ യുഡിഎഫ് നേതാക്കൾ ആരും പങ്കെടുത്തില്ല. ഇതിനിടെയാണ് സഭയെ അഭിനന്ദിച്ചുകൊണ്ടുള്ള രാഹുൽ ഗാന്ധിയുടെ കത്ത് മുഖ്യമന്ത്രി പുറത്തുവിട്ടിരിക്കുന്നത്.
Thank you Shri. Rahul Gandhi for your warm greetings to the Loka Kerala Sabha (@LokaKeralaSabha).
In his message, @RahulGandhi opined that "the Loka Kerala Sabha is a great platform to connect with the diaspora, and recognize their contribution." pic.twitter.com/3G4KYMSllc
— CMO Kerala (@CMOKerala) January 2, 2020
രാഹുലിന്റെ കത്തിനൊപ്പം മുസ്ലിം ലീഗിലെ ഒരു വിഭാഗത്തിന്റെ കുത്തും യുഡിഎഫിനെ വേദനിപ്പിക്കുകയാണ്. മുസ്ലിം ലീഗിലെ ഒരു വിഭാഗം ലോക കേരള സഭയെ പിന്തുണച്ച് രംഗത്തെത്തിയതാണ് യുഡിഎഫിന്റെ തലവേദന കൂട്ടുന്നത്. സമ്മേളനം ബഹിഷ്കരിക്കാനുള്ള തീരുമാനത്തിനെതിരെ മുസ്ലിം ലീഗ് നേരത്തെ ഭിന്നസ്വരം അറിയിച്ചിരുന്നെങ്കിലും ഒടുവിൽ മുന്നണിയുടെ പൊതുതീരുമാനത്തിനൊപ്പം നിൽക്കുകയായിരുന്നു. പ്രവാസി മലയാളികളുടെ വിഷയം കൈകാര്യം ചെയ്യുന്ന സഭയിൽ നിന്ന് വിട്ട് നിൽക്കുന്നത് ദോഷം ചെയ്യുമെന്നാണ് ഒരു വിഭാഗം ലീഗ് നേതാക്കൾ ചൂണ്ടിക്കാണിക്കുന്നത്. കെഎംസിസി അടക്കമുള്ള സംഘടനകൾക്കും ഇതേ അഭിപ്രായമാണ്.
Discussion about this post