ഇസ്ലാമാബാദ്: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ ക്രിക്കറ്റ് മത്സരങ്ങള്‍ക്കായി ഇന്ത്യയില്‍ ഒരു ടീമും സന്ദര്‍ശനം നടത്തരുതെന്ന് പാകിസ്താന്റെ മുന്‍താരം ജാവേദ് മിയാന്‍ദാദ്. ഇക്കാര്യത്തില്‍ ഐസിസി തീരുമാനമെടുക്കണമെന്നും മിയാന്‍ദാദ് ആവശ്യപ്പെടുന്നു.
ഇന്ത്യയെ രാജ്യാന്തര ക്രിക്കറ്റില്‍ ഒറ്റപ്പെടുത്തണമെന്നും, ഇന്ത്യ സുരക്ഷിതമല്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു ദശാബ്ദത്തോളം ക്രിക്കറ്റില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ട പാകിസ്താനേക്കാള്‍ അപകടകരമായ നിലയിലാണ് ഇന്ത്യ ഇപ്പോള്‍. ഇന്ത്യയിലെ പ്രക്ഷോഭങ്ങള്‍ ലോകം കാണുന്നുണ്ടെന്നും ഐസിസിയില്‍ നിന്ന് നീതി പ്രതീക്ഷിക്കുന്നതായും മിയാന്‍ദാദ് പറഞ്ഞു. പാക് വീഡിയോ വെബ്സൈറ്റായ പാക് പാഷന്‍ ഡോട്ട് കോമില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് മിയാന്‍ദാദിന്റെ പ്രതികരണം.
ഇന്ത്യ ക്രിക്കറ്റിന് സുരക്ഷിതമായ വേദിയല്ലെന്ന പിസിബി ചെയര്‍മാന്‍ എഹ്സാന്‍ മാണിയുടെ പ്രസ്താവന വിവാദമായതിന് പിന്നാലെയാണ് മിയാന്‍ദാദിന്റെ വിദ്വേഷപ്രസ്താവന.
‘പാകിസ്താന്‍ സുരക്ഷിതമാണെന്ന് ഞങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ആരെങ്കിലും ഇങ്ങോട്ട് വരാന്‍ മടിക്കുന്നുണ്ടെങ്കില്‍ സുരക്ഷാ പ്രശ്നങ്ങളുള്ളതായി തെളിയിക്കണം. നിലവിലെ സാഹചര്യത്തില്‍ പാകിസ്താനുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയിലെ സുരക്ഷാപ്രശ്നങ്ങളാണ് കൂടുതല്‍ ഗുരുതരം’ എന്നായിരുന്നു തിങ്കളാഴ്ച പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ എഹ്സാന്‍ മാണിയുടെ വാക്കുകള്‍.
അതേസമയം, ഇന്ത്യ സുരക്ഷിതമല്ല എന്ന പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് തലവന്റെ പ്രസ്താവാനയ്ക്ക് മറുപടിയുമായി ബിസിസിഐ വൈസ് പ്രസിഡന്റ് മഹിം വെര്‍മ രംഗത്തെത്തി. ‘സ്വന്തം രാജ്യത്തെ സുരക്ഷ ആദ്യം നോക്കൂ, ഞങ്ങളുടെ രാജ്യത്തിന്റെ കാര്യം നോക്കാന്‍ ഞങ്ങള്‍ക്കറിയാം’ എന്നാണ് മഹിം തിരിച്ചടിച്ചത്.
Discussion about this post