പത്തനംതിട്ട: ചിത്തിര ആട്ട പൂജയ്ക്കായി ശബരിമല നട തുറന്ന സമയത്ത് തീര്‍ത്ഥാടകയായ സ്ത്രീയെ ആക്രമിച്ച കേസില്‍ ബിജെപി നേതാവ് കെ സുരേന്ദ്രന്റെ അറസ്റ്റ് രേഖപ്പെടുത്തി. റാന്നി പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നിലവില്‍ കൊട്ടാരക്കര സബ്ജയിലിലാണ് കെ സുരേന്ദ്രന്. ജയിലില്‍ എത്തിയാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ശബരിമലയില്‍ നിരോധാനാജ്ഞ ലംഘിച്ചതിന് അറസ്റ്റിലായ കെ സുരേന്ദ്രന് ഇന്നലെ കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍, കണ്ണൂരില്‍ പോലീസുകാരെ ഭീഷണിപ്പെടുത്തിയ കേസ് ഉള്ളതിനാല്‍ ജയില്‍ മോചിതനായില്ല. ഇതിനിടെയാണ് സ്ത്രീയെ ആക്രമിച്ച കേസില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം സുരേന്ദ്രനെതിരെ കേസെടുത്തതും അറസ്റ്റ് രേഖപ്പെടുത്തിയതും. ഇതോടെ സുരേന്ദ്രന്റെ ജയില്‍മോചനം വീണ്ടും നീളും.
ചിത്തിര ആട്ട പൂജയ്ക്കായി നട തുറന്നപ്പോള്‍ 52 കാരിയായ ലളിതാ ദേവിയെന്ന തീര്‍ത്ഥാടകയെ ആക്രമിച്ചതില്‍ ഗൂഢാലോചന നടത്തിയെന്നാണ് കേസ്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് സുരേന്ദ്രനെതിരെ കേസെടുത്തത്. തൃശൂര്‍ സ്വദേശിനി ലളിതാ ദേവിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി സൂരജ് ഇലന്തൂരിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ നിന്നും ആക്രമവുമായി ബന്ധപ്പെട്ട് കെ സുരേന്ദ്രനുമായി ഗൂഢാലോചന നടത്തിയെന്നത് വ്യക്തമാണെന്ന് പോലീസ് പറഞ്ഞിരുന്നു.
Discussion about this post