തിരുവനന്തപുരം: പ്രതിഷേധങ്ങളെയും ഉയരുന്ന ശബ്ദങ്ങളും മറകടന്ന് നടപ്പിലാക്കിയ പൗരത്വ ഭേദഗതിയില്‍ രാജ്യം പ്രതിഷേധത്താല്‍ കത്തിയെരിയുകയാണ്. ആ അലയൊലികള്‍ കേരളത്തിലും വീശിയടിക്കുകയാണ്. നിയമത്തില്‍ പ്രതിഷേധിച്ച് കേരളത്തില്‍ നടത്തുന്ന ഹര്‍ത്താല്‍ ഇപ്പോള്‍ അക്രമാസക്തമാണ്. സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ ബസിന് നേരെ കല്ലേറ് നടത്തുകയാണ്. കൂടാതെ കെഎസ്ആര്‍ടിസി ബസിന്റെ താക്കോല്‍ ഊരി കൊണ്ടുപോവുകയും ചെയ്തു. ആലപ്പുഴ മണ്ണഞ്ചേരിയില്‍ വെച്ചാണ് ഹര്‍ത്താല്‍ അനുകൂലികള്‍ താക്കോല്‍ ഊരികൊണ്ടുപോയത്.
തൊടുപുഴയ്ക്ക് പോകുന്ന സൂപ്പര്‍ ഫാസ്റ്റ് ബസിന്റെ താക്കോലാണ് ഊരി കൊണ്ടുപോയത്. പാലക്കാട് വാളയാറില്‍ തമിഴ്‌നാട് ആര്‍ടിസി ബസിന് നേരെയാണ് സമരാനുകൂലികള്‍ കല്ലേറ് നടത്തിയത്. അതേസമയം, പാലക്കാട് കെഎസ്ആര്‍ടിസി സ്റ്റാന്റിലേയ്ക്ക് പ്രകടനവുമായി എത്തിയ ഹര്‍ത്താല്‍ അനുകൂലികള്‍ക്ക് നേരെ പോലീസ് ലാത്തി വീശുകയും ചെയ്തു. റോഡ് ഉപരോധിച്ച പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. പാലക്കാട് കെഎസ്ആര്‍ടിസി ബസ് തടയാന്‍ ശ്രമിച്ച ഏഴ് പേരെയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
വയനാട് പുല്‍പ്പള്ളിയിലും വെള്ളമുണ്ടയിലും ബസുകള്‍ക്ക് നേരെ കല്ലേറ് നടത്തി. ആക്രമണത്തില്‍ ചില്ലുകള്‍ തകര്‍ന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കോഴിക്കോട് നിന്നുള്ള കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നിര്‍ത്തി. ബത്തേരിയില്‍ ബസിന് കല്ലേറുണ്ടായതോടെയാണ് സര്‍വീസ് നിര്‍ത്തിയത്. പോലീസ് സുരക്ഷ ഒരുക്കിയാലേ സര്‍വീസ് നടത്തുവെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ അറിയിച്ചു.
Discussion about this post