ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്ക് എതിരെയുള്ള പ്രക്ഷോഭങ്ങള്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ തുടരുകയാണ്. ഇന്ന് അസമിലെ എല്ലാ ജില്ലകളിലും ഓള് അസം സ്റ്റുഡന്റ്സ് യൂണിയന് സര്‍ക്കാര്‍ ഓഫീസുകളിലേക്ക് മാര്‍ച്ച് നടത്തും. ഞായറാഴ്ച സിനിമാ താരങ്ങളും സാമൂഹ്യ പ്രവര്‍ത്തകരും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും.
തിങ്കളാഴ്ച വീണ്ടും സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്താനും ഓള് ഇന്ത്യാ സ്റ്റുഡന്റ്സ് യൂണിയന് തീരുമാനിച്ചിട്ടുണ്ട്. അതേസമയം, അര്‍ധ സൈനിക വിഭാഗങ്ങള്‍ക്ക് പുറമെ കരസേനയേയും ക്രമസമാധാന പ്രശ്നങ്ങള്‍ നേരിടാന്‍ വിന്യസിച്ചിരിക്കുകയാണ്.
കഴിഞ്ഞ നാല് ദിവസമായി ബന്ദിന് സമാനമായ പ്രതീതിയായിരുന്നു അസമില്‍ നടന്നത്. രണ്ടുയുവാക്കളുടെ മരണത്തിനിടയാക്കിയ പോലീസ് വെടിവെപ്പിനും അക്രമാസക്തമായ പ്രതിഷേധങ്ങള്‍ക്കും സാക്ഷ്യംവഹിച്ച അസമിലെ അന്തരീക്ഷം വെള്ളിയാഴ്ച താരതമ്യേന സമാധാനപൂര്‍ണമായിരുന്നു.
ഇന്നു വൈകീട്ടോടെ ഇന്റര്‍നെറ്റ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചേക്കുമെന്നാണ് സൂചന. പെട്രോള്‍ പമ്പുകള്‍ അടക്കമുള്ള അവശ്യ കേന്ദ്രങ്ങളും ഇന്നുമുതല്‍ പ്രവര്‍ത്തിച്ചേക്കും.
ബംഗാളിലും പൗരത്വ നിയമ ഭേദഗതിക്ക് എതിരെ പ്രക്ഷോഭം തുടരുകയാണ്. മുര്‍ഷിദാബാദ് ജില്ലയിലെ ബെല്‍ഡംഗയില്‍ പ്രക്ഷോഭകാരികള്‍ റെയില്‍വേ സ്റ്റേഷന് തീയിടുകയും റെയില്‍വേ പോലീസ് ഉദ്യോഗസ്ഥരെ മര്‍ദ്ദിക്കുകയും ചെയ്തു. റെയില്‍വേ സ്റ്റേഷന് സമീപത്തുകൂടെ പോകുകയായിരുന്ന സമരക്കാര്‍ പെട്ടെന്ന് സ്റ്റേഷന്റെ അകത്തേക്ക് കയറി മൂന്ന് കെട്ടിടങ്ങള്‍ക്ക് തീയിടുകയും തടയാന്‍ എത്തിയ സുരക്ഷ ഉദ്യോഗസ്ഥരെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തെന്ന് സീനിയര്‍ സുരക്ഷ ഓഫീസര്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.
Discussion about this post