കഴിഞ്ഞ ദിവസങ്ങളില്‍ വരുന്ന ആരോഗ്യ സംബന്ധമായ വാര്‍ത്തയാണ് സിക വൈറസ് പടരുന്നത്. ജയ്പൂരില്‍ ഏഴുപേര്‍ക്ക് സിക വൈറസ് സ്ഥിരീകരിച്ചിരുന്നു. വൈറസ് ശരീരത്തില്‍ ബാധിച്ചതിനു ശേഷം പുറത്തു വരാന്‍ മൂന്നു മുതല്‍ 14 ദിവസം വരെ വേണ്ടിവരും. ഭൂരിപക്ഷം ആളുകളിലും വൈറസ് ബാധിച്ചാല്‍ കൃത്യമായി തിരിച്ചറിയാവുന്ന തരത്തില്‍ യാതൊരു ലക്ഷണവും പ്രകടമാകില്ലെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്.
ലക്ഷണങ്ങള്‍ ഇവയൊക്കെയാണ്;
പനി, ശരീരത്തിലെ ചുവന്ന പാടുകളും തടിപ്പും, കണ്ണുകളിലെ അസ്വാഭാവികമായ ചുവപ്പ് , പേശികള്‍ക്കും സന്ധികള്‍ക്കും ശക്തമായ വേദന. ദേഹാസ്വാസ്ഥ്യം, തലവേദന എന്നിവയായിരിക്കും തിരിച്ചറിയാന്‍ കഴിയുന്ന പ്രധാന ലക്ഷണങ്ങള്‍. രണ്ടു മുതല്‍ ഏഴു ദിവസങ്ങള്‍ വരെ ഈ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാം
രോഗം പടരുന്നത്:
ഈഡിസ് വിഭാഗത്തില്‍ പെട്ട ഈഡിസ് ഈജിപ്തി കൊതുകുകളാണു സിക വൈറസ് പരത്തുന്നത്. പ്രഭാതത്തിലും വൈകുന്നേരങ്ങളിലുമാണ് വൈറസ് പരത്തുന്ന ഈ കൊതുകുകള്‍ മനുഷ്യനെ കുത്തുന്നത്. ഇതേ കൊതുകുകള്‍ തന്നെയാണു ഡെങ്കിപ്പനി, ചിക്കന്‍ഗുനിയ, മഞ്ഞപ്പനി എന്നിവയും പരത്തുന്നത്. സിക വൈറസ് ബാധിച്ച ഗര്‍ഭിണിയായ അമ്മയില്‍ നിന്ന് കുഞ്ഞിലേയ്ക്കു വൈറസ് പടരും. ലൈംഗികബന്ധം, വൈറസ് ബാധിച്ചയാളുടെ രക്തം ഏതെങ്കിലും തരത്തില്‍ രോഗമില്ലാത്തയാളുടെ ശരീരത്തില്‍ പ്രവേശിക്കുന്നത്, രോഗം ബാധിച്ചയാളുടെ അവയവം രോഗമില്ലാത്തയാള്‍ സ്വീകരിക്കുന്നത് എന്നിവയെല്ലാം രോഗം പകരാന്‍ കാരണമാകും. രക്ത, ശരീരദ്രവ പരിശോധനകളിലൂടെ രോഗം സ്ഥിരീകരിക്കാം. സികവൈറസ് ബാധയ്‌ക്കെതിരെ ഒരു ചികിത്സയും നിലവില്‍ കണ്ടെത്തിട്ടില്ല.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:
സിക വൈറസ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള ഭാഗങ്ങളില്‍ താമസിക്കുന്ന ഗര്‍ഭിണികള്‍ ലാബ് പരിശോധനകള്‍ക്കു വിധയമാകുകയും സുരക്ഷിതമായ സ്ഥലങ്ങളിലേയ്ക്ക് മാറി താമസിക്കുകയും ചെയ്യുക. ദിവസത്തില്‍ പ്രഭാതത്തിലും വൈകിട്ടും കൊതുകു കടിയേല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. പ്രത്യേകിച്ച് ഗര്‍ഭിണികളും പ്രായമായവരും കുട്ടികളും വളരെയധികം ശ്രദ്ധിക്കുക. കൊതുകു ക ടിയേല്‍ക്കാതിരിക്കാന്‍ ഇളം നിറത്തില്‍ ശരീരം പൂര്‍ണ്ണമായി മറയ്ക്കുന്ന വസ്ത്രങ്ങള്‍ ധരിക്കുക. രാവിലെയും വൈകുന്നേരവും ജനലുകളും വാതിലുകളും അടച്ചിട്ട് കൊതുക് മുറിയില്‍ പ്രവേശിക്കുന്നത് തടയുക. ഗര്‍ഭിണികളും കുട്ടികളും ഉറങ്ങുമ്പോള്‍ കൊതുകുവല ഉപയോഗിക്കുക. സിക വൈറസ് റിപ്പോര്‍ട്ടു ചെയ്ത സ്ഥലങ്ങളിലേയ്ക്കുള്ള യാത്ര ഒഴിവാക്കുക. ആ ഭാഗങ്ങളില്‍ യാത്ര ചെയ്യേണ്ടി വന്നാല്‍ കൊതുക കുത്താതിരിക്കാന്‍ മുന്‍കരുതല്‍ എടുക്കുക. വീടിനു ചുറ്റും കൊതുകു വളരുന്ന സാഹചര്യങ്ങള്‍ ഉണ്ടെങ്കില്‍ അതെല്ലാം ഒഴിവാക്കുക.
സിക വൈറസ് ബാധയെ ചെറുക്കുന്ന തരത്തില്‍ ഒരു വാക്‌സിനുകളും ഇതുവരെ കണ്ടെത്തിട്ടില്ല.
Discussion about this post