ഭോപ്പാല്‍: ജീവനോടെ കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തിയ കോണ്‍ഗ്രസ് എംഎല്‍എ ഗോവര്ധന് ധാംഗിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംപി പ്രജ്ഞാ സിങ് ഠാക്കൂര്‍ പോലീസിനെ സമീപിച്ചു.
കഴിഞ്ഞ ദിവസം രാത്രിയാണ് ബിജെപി എംപി പ്രജ്ഞാ ഭോപ്പാലിലെ കമല നെഹ്റു പോലീസ് സ്റ്റേഷനിലെത്തി കേസെടുക്കണമെന്ന് ആവശ്യപ്പെട്ടത്. അതെസമയം സംഭവത്തില്‍ പോലീസ് കേസ് എടുത്തിട്ടില്ല. സംഭവത്തില്‍ എംപിയുമായി ചര്‍ച്ച നടത്തുകയാണെന്നായിരുന്നു പോലീസിന്റെ പ്രതികരണം. എംപിയുടെ പരാതിയില്‍ കേസെടുക്കാതെ പരാതി രമ്യമായി പരിഹരിക്കാനാണ് പോലീസിന്റെ ശ്രമമെന്നാണ് സൂചന.
ബയോറ മണ്ഡലത്തിലെ കോണ്‍ഗ്രസ് എംഎല്‍എ ഗോവര്ധന് ധാംഗിയാണ് പ്രജ്ഞ സിങ് ഠാക്കൂറിനെതിരെ ഭീഷണി മുഴക്കിയത്. ഗോഡ്സെ അനുകൂല പ്രസ്താവനയെ തുടര്‍ന്നായിരുന്നു ഭീഷണി. പ്രജ്ഞാ സിങ്ങിന്റെ കോലം മാത്രമല്ല, അവരെയും കത്തിക്കുമെന്നായിരുന്നു ഗോവര്ധന് ധാംഗിയുടെ പരാമര്‍ശം. സംഭവം വിവാദമായതോടെ അദ്ദേഹം പിന്നീട് മാപ്പുപറയുകയും ചെയ്തു.
Discussion about this post