കണ്ണൂര്‍: ശബരിമലയില്‍ നിരോധനാജ്ഞയ്ക്കിടെ അറസ്റ്റിലായ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് ഇന്ന് ജാമ്യം ലഭിച്ചാലും പുറത്തിറങ്ങാനാകില്ല. കണ്ണൂരില്‍ പോലീസിനെ ഭീഷണിപ്പെടുത്തിയ കേസില്‍ കോടതി സുരേന്ദ്രന് അറസ്റ്റ് വാറണ്ടയച്ചതിനാലാണിത്. സുരേന്ദ്രനെ ഹാജരാക്കാനുള്ള വാറണ്ട് കൊട്ടാരക്കര ജയില്‍ സൂപ്രണ്ടിന് കൈമാറി. കണ്ണൂരിലേക്കുള്ള യാത്ര ആവശ്യമായി വന്നാല്‍ പോലീസ് സുരക്ഷയ്ക്ക് സൂപ്രണ്ട് അപേക്ഷനല്‍കി.
കൊട്ടാരക്കര ജയിലിലെ ഉദ്യോഗസ്ഥര്‍ ഇന്ന് കണ്ണൂര്‍ കോടതിയില്‍ ഹാജരായി വിവരമറിയിക്കും. ശബരിമല കേസില്‍ പത്തനംതിട്ട മുന്‍സിഫ് കോടതിയാണ് ജാമ്യഹര്‍ജി പരിഗണിക്കുന്നത്.
ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കാനിരിക്കയാണ് സുരേന്ദ്രനെതിരെ പുതിയ വാറണ്ടെത്തിയത്. പത്തനംതിട്ട മുന്‍സിഫ് കോടതിയാണ് രണ്ട് കേസുകളിലെയും ജാമ്യാപേക്ഷ പരിഗണിക്കുന്നത്. രണ്ട് ജാമ്യാപേക്ഷയിലും പോലീസ് ഇന്ന് റിപ്പോര്‍ട്ട് നല്‍കും. കെ സുരേന്ദ്രനും ആര്‍എസ്എസ് നേതാവ് ആര് രാജേഷ് ഉള്‍പ്പടെയുള്ള 69 പ്രതികള്‍ക്കും ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന് ആവശ്യപ്പെടും.
ജാമ്യമില്ലാ വകുപ്പു ചുമത്തിയാണ് സുരേന്ദ്രനെ അറസ്റ്റ് ചെയ്തത്. 14 ദിവസത്തേക്കു കൊട്ടാരക്കര സബ് ജയിലില്‍ റിമാന്‍ഡ് ചെയ്തിരുന്നു. പോലീസിന്റെ ജോലി തടസ്സപ്പെടുത്തിയതിന് ഐപിസി 353 വകുപ്പാണ് ചുമത്തിയിരിക്കുന്നത്.
സന്നിധാനത്തേക്കു പോകാന്‍ നിലയ്ക്കലിലെത്തിയ കെ സുരേന്ദ്രനെ നിലയ്ക്കലില്‍വെച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്. രാത്രി ദര്‍ശനത്തിനായി ഭക്തരെ കടത്തിവിടുന്ന സമയം കഴിഞ്ഞ ശേഷമായിരുന്നു ഇരുമുടിക്കെട്ടുമായി സുരേന്ദ്രന് എത്തിയത്. സുരേന്ദ്രനെയും സംഘത്തെയും പമ്പയിലേക്ക് കടത്തിവിടില്ലെന്ന് പോലീസ് നിലപാട് സ്വീകരിച്ചതോടെ വാക്കുതര്‍ക്കവും സംഘര്‍ഷവും ഉണ്ടായി. തുടര്‍ന്ന് വിലക്ക് മറികടന്ന് മുന്നോട്ടുനീങ്ങാന്‍ ശ്രമിച്ച സുരേന്ദ്രനെയും സംഘത്തെയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
Discussion about this post