മുംബൈ: ബിജെപി നേതാവും എംപിയുമായ അനന്തകുമാർ ഹെഗ്ഡെയുടെ അവകാശവാദം തള്ളി ദേവേന്ദ്ര ഫഡ്നാവിസ് രംഗത്ത്. കേന്ദ്രത്തിലേക്ക് താൻ പണമൊന്നും തിരിച്ചടച്ചിട്ടില്ലെന്നും മുഖ്യമന്ത്രിയായി രണ്ടാം തവണ സത്യപ്രതിജ്ഞ ചെയ്തെങ്കിലും ഒരു നടപടിയും കൈക്കൊണ്ടിട്ടില്ലായിരുന്നു എന്നും ഫഡ്നാവിസ് വ്യക്തമാക്കി.
നേരത്തെ ഫഡ്നാവിസിന്റെ സത്യപ്രതിജ്ഞ 40,000 കോടിയുടെ കേന്ദ്ര ഫണ്ട് സംരക്ഷിക്കാനുള്ള നാടകമായിരുന്നു എന്ന് അനന്തകുമാർ ഹെഗ്ഡെ അവകാശപ്പെട്ടിരുന്നു. ശിവസേനയുടെ നേതൃത്വത്തിലെ സഖ്യസർക്കാർ പണം ദുരുപയോഗം ചെയ്യാതിരിക്കാനാണ് വെറും മണിക്കൂറുകൾ മാത്രം മുഖ്യമന്ത്രി കസേരയിൽ ഫഡ്നാവിസ് ഇരുന്നതെന്നാണ് ഹെഗ്ഡെ അവകാശപ്പെട്ടിരുന്നത്.
മഹാരാഷ്ട്രയിൽ വേണ്ടത്ര ഭൂരിപക്ഷം ഇല്ലാതിരുന്നിട്ടും തിരക്കിട്ട് ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായത് 40,000 കോടിയുടെ കേന്ദ്ര ഫണ്ട് ദുരുപയോഗം തടയാനാണെന്ന വാദം ഫഡ്നാവിസ് തന്നെ തള്ളിയതോടെ ബിജെപിക്ക് വീണ്ടും വിഷയത്തിൽ നാണക്കേട് കൈവന്നിരിക്കുകയാണ്.
എൻസിപി എംപിമാരെ ചിലരെ അടർത്തിയെടുത്ത് ഫഡ്നാവിസ് സത്യപ്രതിജ്ഞ ചെയ്ത് 80 മണിക്കൂറോളമാണ് മുഖ്യമന്ത്രി സ്ഥാനത്തിരുന്നത്. 40,000 കോടിയുടെ കേന്ദ്ര ഫണ്ട് തിരികെ കേന്ദ്രത്തിന് കൈമാറുന്നതിന് ഫഡ്നാവിസിന് 15 മണിക്കൂർ തന്നെ ധാരാളമായിരുന്നുവെന്നാണ് ഹെഗ്ഡെയുടെ അവകാശവാദം. ഈ തുക സംരക്ഷിക്കുന്നതിന് ബിജെപി നടത്തിയ ഒരു നാടകമായിരുന്നു ഫഡ്നാവിസിന്റെ സത്യപ്രതിജ്ഞയെന്നും അനന്ത് കുമാർ പറഞ്ഞിരുന്നു.
ശിവസേന, എൻസിപി, കോൺഗ്രസ് കക്ഷികളുടെ സഖ്യമായ മഹാവികാസ് അഖാഡിയുടെ നേതൃത്വത്തിൽ സർക്കാർ രൂപീകരണത്തിന് ഒരുങ്ങവെയായിരുന്നു അമ്പരപ്പിച്ച് ഫഡ്നാവിസ് സത്യപ്രതിജ്ഞ ചെയ്തത്. എൻസിപി നേതാവായ അജിത് പവാർ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തിരുന്നു. എന്നാൽ ഭൂരിപക്ഷമില്ലെന്ന് ഉറപ്പിച്ചതോടെ രാജിവെയ്ക്കുകയായിരുന്നു ഇരുവരും.
Discussion about this post