കൊല്ലം: പത്താംക്ലാസ് വിദ്യാഭ്യാസ യോഗ്യതയുമായി പല സ്ഥലങ്ങളില്‍ വര്‍ഷങ്ങളായി അലോപ്പതി ചികിത്സ നടത്തിവന്ന വ്യാജ ഡോക്ടര്‍ അറസ്റ്റില്‍. കന്യാകുമാരി വിളവന്‍കോട്ട് പേമ്പ്ര തലവിളവീട്ടില്‍ ജ്ഞാനശിഖാമണി(74)യാണ് പത്തനാപുരം പോലീസിന്റെ പിടിയിലായത്. രണ്ടുവര്‍ഷമായി ഇയാള്‍ പത്തനാപുരം മാങ്കോട്ട് കാരുണ്യ ക്ലിനിക് എന്നപേരില്‍ ആശുപത്രി നടത്തുകയായിരുന്നു.
തമിഴ്നാട്ടില്‍ ഒരു ഡോക്ടര്‍ക്കൊപ്പം കമ്പൗണ്ടറായി ജോലിചെയ്ത പരിചയംവെച്ച് വര്‍ഷങ്ങളായി ഡോക്ടര്‍ ചമഞ്ഞ് ആളുകളെ പറ്റിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. കേരളത്തില്‍ ഇടുക്കി ഉള്‍പ്പെടെ നിരവധി സ്ഥലങ്ങളില്‍ ആശുപത്രി നടത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. നാട്ടുകാര്‍ക്ക് സംശയം തോന്നുമ്പോള്‍ മറ്റൊരിടത്തേക്ക് മാറുകയാണ് പതിവ്.
മാങ്കോട്ട് വാടകയ്ക്കെടുത്ത കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചുവന്ന ആശുപത്രിയില്‍ ചികിത്സതേടി നിരവധിപ്പേര്‍ എത്തിയിരുന്നു. നഴ്സുമാര്‍ ഉള്‍പ്പെടെ നാല് ജീവനക്കാര്‍ ഇവിടെയുണ്ടായിരുന്നു.
കൊല്ലം റൂറല്‍ എസ്പിക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് ആശുപത്രിയില്‍ എത്തുമ്പോള്‍ കുത്തിവയ്പ് ഉള്‍പ്പെടെ ചികിത്സകള്‍ തകൃതിയായി നടക്കുകയായിരുന്നു. പരിശോധനയില്‍ വ്യാജനെന്ന് മനസ്സിലായതോടെ പോലീസുകാര്‍ ആശുപത്രി പൂട്ടി ‘ഡോക്ടറെ’ കസ്റ്റഡിയിലെടുത്തു.
ആശുപത്രിയില്‍ പോലീസ് എത്തുമ്പോള്‍ മുങ്ങിയ മറ്റൊരു ഡോക്ടറെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. കോതമംഗലം വെറ്റിലപ്പാറയില്‍ കുടുംബസമേതം താമസിച്ചുവരികയായിരുന്നു ജ്ഞാനശിഖാമണി. പത്തനാപുരം സിഐ എംഅന്വര്, എസ്ഐമാരായ ജോസഫ് ലിയോണ്‍, ജെയിംസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
Discussion about this post