ഹൈദരാബാദ്: തെലങ്കാനയില്‍ ക്രൂരമായ ബലാത്സംഗത്തിന് ഇരയായി വെറ്ററിനറി ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ വന്‍ പ്രതിഷേധം ഉയരുന്നു. ഡോക്ടറുടെ വീട് സന്ദര്‍ശിക്കാനെത്തിയ പ്രാദേശിക രാഷ്ട്രീയ നേതാക്കളെ നാട്ടുകാര്‍ തടഞ്ഞു. വന്‍ രോഷമാണ് ഇവിടെ ഉയരുന്നത്. സഹതാപമല്ല, അക്രമികള്‍ക്കെതിരെ ശക്തമായ നടപടിയാണ് വേണ്ടതെന്ന ആവശ്യമുന്നയിച്ചാണ് നാട്ടുകാരുടെ പ്രതിഷേധം.
യുവതിയുടെ കുടുംബം താമസിക്കുന്ന ഷംഷാബാദിലുള്ള കോളനിയുടെ പ്രവേശന കവാടം നാട്ടുകാര്‍ അടച്ചു പൂട്ടുകയും ചെയ്തു. മാധ്യമങ്ങള്‍ വേണ്ട, പുറത്തുനിന്നുള്ളവര്‍ വേണ്ട, പോലീസും വേണ്ട, സഹതാപവും വേണ്ട … തങ്ങള്‍ക്ക് നടപടിയും നീതിയും മാത്രമാണ് വേണ്ടതെന്ന് പറയുന്ന പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയാണ് നാട്ടുകാരുടെ പ്രതിഷേധം. സംഭവത്തില്‍ മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും സംഭവത്തെക്കുറിച്ച് പ്രതികരിക്കാത്തതിലും ജനങ്ങളില്‍ അതൃപ്തി ഉയര്‍ന്നിട്ടുണ്ട്.
വെറ്ററിനറി ഡോക്ടറായ യുവതിയെ ബുധനാഴ്ച രാത്രിയോടെയാണ് നാലംഗ സംഘം കൂട്ട ബലാത്സംഗം ചെയ്തശേഷം കൊലപ്പെടുത്തിയത്. വ്യാഴാഴ്ച പുലര്‍ച്ചെ ഹൈദരാബാദ്-ബംഗളൂരു ദേശീയ പാതയില്‍ കത്തിക്കരിഞ്ഞ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
Discussion about this post