ബംഗളൂരു: ബംഗളൂരു നഗരത്തിലെ ഗതാഗത സംവിധാനം നിരീക്ഷിക്കാന്‍ ഇനി മുതല്‍ ട്രാഫിക് പോലീസിന്റെ വേഷം ധരിച്ച ഡമ്മികളും. ട്രാഫിക് പോലീസിനെ പോലെ യൂണിഫോമും തൊപ്പിയും ബൂട്ട്സും മുഖാവരണവും സണ്‍ഗ്ലാസും വരെ ധരിച്ചാണ് പോലീസ് ഡമ്മികളുടെ നില്‍പ്പ്.
മൊബൈല്‍ ഫോണില്‍ സംസാരിച്ചും ഹെല്‍മറ്റ് വയ്ക്കാതെയും വാഹനമോടിച്ചു വന്ന പലരും ദൂരെ ‘പോലീസ്’ നില്‍ക്കുന്നത് കണ്ട് മര്യാദ രാമന്മാരാവുന്നുണ്ടെങ്കിലും അടുത്തെത്തുമ്പോഴാണ് അമളി മനസ്സിലാക്കുന്നത്. ദൂരെ നിന്നു നോക്കിയാല്‍ ട്രാഫിക് പോലീസ് നില്ക്കുകയാണെന്നേ തോന്നുകയുള്ളൂ.
ഇരുചക്രവാഹനങ്ങളില്‍ സഞ്ചരിക്കുന്നവരെ ലക്ഷ്യമിട്ടാണ് പ്രധാനമായും നഗരത്തിലെ പ്രധാന ജങ്ഷനുകളിലെല്ലാം ഡമ്മികളെ നിര്‍ത്തിയിരിക്കുന്നത്. നിലവില്‍ 200 ലധികം ഡമ്മി പോലീസുകാരുണ്ട്. വാഹനങ്ങളുടെ എണ്ണം വര്‍ദ്ധിക്കുന്നതിനൊപ്പം അപകടങ്ങളും വര്‍ധിച്ചതാണ് സംസ്ഥാന ഗതാഗത വകുപ്പിന്റെ പുതിയ നീക്കത്തിനു പിന്നില്‍.
എല്ലാ സ്ഥലങ്ങളിലും ട്രാഫിക് പോലീസുകാരെ നിര്‍ത്തുക അസാധ്യമാണ്. ട്രാഫിക് പോലീസുകാരുടെ സാന്നിധ്യമുള്ള സ്ഥലങ്ങളില്‍ അപകടങ്ങള്‍ കുറവാണെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നതെന്ന് ബംഗളൂരു ജോയിന്റ് കമ്മീഷണര്‍ (ട്രാഫിക്) ബി ആര് രവികാന്ത ഗൗഡ പറഞ്ഞു.
കഴിഞ്ഞ ആഴ്ച്ച 30 പോലീസ് ഡമ്മികളെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ചിരുന്നു. ബാക്കി 170 എണ്ണമാണ് ബുധനാഴ്ച്ച സ്ഥാപിച്ചത്. ഗതാതഗ നിയമങ്ങള്‍ ലംഘിക്കുന്നവരെ പിടികൂടുന്നതിനായി പോലീസ് ഡമ്മികളില്‍ സിസിടിവി സ്ഥാപിക്കുന്നതിനും പദ്ധതിയുണ്ട്.
Discussion about this post