ന്യൂഡല്‍ഹി: 2023 ഓടെ ഇന്ത്യന്‍ റെയില്‍വെ പൂര്‍ണ്ണമായി വൈദ്യുതിവത്കരിക്കുമെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി പീയുഷ് ഗോയല്‍. 2023ഓടെ ഇന്ത്യന്‍ റെയില്‍വെ 100 ശതമാനം വൈദ്യുതിയില്‍ ഓടുമെന്ന് അദ്ദേഹം പറഞ്ഞു.
അന്തരീക്ഷത്തെ മലിനീകരണത്തില്‍ നിന്ന് രാജ്യത്തെ മുക്തമാക്കാനാണ് ഇന്ത്യന്‍ റെയില്‍വെ ലക്ഷ്യമിടുന്നത്. അടുത്ത 3-4 വര്‍ഷത്തിനുള്ളില്‍ റെയില്‍വെ പൂര്‍ണ്ണമായും വൈദ്യുതി വത്കരിക്കുകയെന്നതിനാണ് മുന്‍ഗണന നല്‍കിയിരിക്കുന്നത്. കാര്‍ബണ്‍ പുറന്തള്ളുന്നത് തടഞ്ഞുകൊണ്ട് പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ റെയില്‍വെ ആയും ഇന്ത്യന്‍ റെയില്‍വെ മാറുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനു പുറമെ ഊര്‍ജോത്പാദനത്തിനായി സൗരോര്‍ജത്തെ പ്രയോജനപ്പെടുത്തുമെന്നും പീയുഷ് ഗോയല്‍ കൂട്ടിച്ചേര്‍ത്തു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
നേരത്തെ, 2030ഓടെ ഇന്ത്യന്‍ റെയില്‍വെ പൂര്‍ണ്ണമായും കാര്‍ബണ്‍ മുക്തമാകുമെന്ന് പീയുഷ് ഗോയല്‍ പറഞ്ഞിരുന്നു. നീതി ആയോഗിന്റെ 2014ലെ കണക്കുകള്‍ പ്രകാരം 6.84 മില്ല്യണ്‍ ടണ്‍ കാര്‍ബണാണ് ഇന്ത്യന്‍ റെയില്‍വെ പുറത്തുവിട്ടിരുന്നത്. എന്നാല്‍ 2023ഓടെ റെയില്‍വെ വൈദ്യുതീകരിക്കപ്പെടുന്നതോടെ അന്തരീക്ഷ മലിനീകരണം വലിയ തോതില്‍ കുറക്കാനാകുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.
Discussion about this post