ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം ഭദ്രന് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ജൂതന്’. ചിത്രത്തില്‍ നായകനായി എത്തുന്നത് സൗബിനാണ്. എന്നാല്‍ ചിത്രത്തില്‍ നേരത്തേ നായികയായി നിശ്ചയിച്ചിരുന്ന റിമ കല്ലിങ്കലിനെ മാറ്റി പകരം മംമ്തയെ കാസ്റ്റ് ചെയ്തിരുന്നു. ഇപ്പോഴിതാ റിമയെ ചിത്രത്തില്‍ നിന്ന് മാറ്റിയതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് സംവിധായകന് ഭദ്രന്.
‘രണ്ട് ദേശീയ പുരസ്കാരങ്ങള്‍ നേടിയ പ്രശസ്തയായ വളരെ സീരിയസായ നടിയുടെ റോളാണിത്. കഥ എഴുതി വന്നപ്പോള്‍ ആ വേഷത്തിനു യോജിച്ചത് മംമ്ത ആയിരിക്കും എന്ന് തോന്നി. പ്രതീക്ഷകള്‍ തകര്‍ന്നു പോകുന്നത് വലിയ വിഷമമുള്ള കാര്യമാണ്. എന്നിരുന്നാലും അഡ്വാന്‍സ് ഒന്നും നേരത്തെക്കൂട്ടി നല്‍കിയിരുന്നില്ല. ബജറ്റും അങ്ങനെ എല്ലാ ഘടകങ്ങളും കണക്കിലെടുത്താണ് ഈ തീരുമാനം. അടുത്തവര്‍ഷം ജനുവരിയിലോ മാര്‍ച്ചിലോ ഷൂട്ടിങ് ആരംഭിക്കും. അതിന്റെ ചര്‍ച്ചകള്‍ നടക്കുകയാണ്’ എന്നാണ് മാതൃഭൂമിയുമായുള്ള അഭിമുഖത്തില്‍ ഭദ്രന് പറഞ്ഞത്.
‘ജൂതന്’ ഒരു സൈക്കോളജിക്കല്‍ മിസ്റ്ററി ത്രില്ലറായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത് എന്നാണ് സൂചന. സ്ഫടികത്തിലെ ആടുതോമയെ പോലെ എവിടെയൊക്കെയോ എന്തൊക്കെയോ നഷ്ടപ്പെട്ടു പോയ ഒരു മനുഷ്യന്റെ കഥയാണ് ജൂതനെന്നാണ് ഭദ്രന് ചിത്രത്തെ കുറിച്ച് നേരത്തേ പറഞ്ഞത്. ഡെക്കാന്‍ ക്രോണിക്കിളില്‍ കണ്ട ഒരു ലേഖനമാണ് തന്നെ ഈ സിനിമയിലേക്ക് നയിച്ചത് എന്നാണ് ഭദ്രന് ഒരിക്കല്‍ ഇതേകുറിച്ച് പറഞ്ഞത്. സൗബിനെ കൂടാതെ ജോജു ജോര്‍ജും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
Discussion about this post