ചെറുതോണി: താടിക്കാരുടെ സമ്മേളനമായി മാറി ഇടുക്കിയിലൊരു കല്ല്യാണവേദി. ചെറുതും വലുതുമായ പലതരം താടികൾ ഒന്നിച്ച് ഒരു വേദി പങ്കിട്ടപ്പോൾ നാട്ടുകാർക്കും അത്ഭുതം. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഈ താടിക്കാരെല്ലാം ഇടുക്കിയിൽ ഒരു കല്ല്യാണത്തിന് ഒത്തുചേരുകയായിരുന്നു.
‘താടിയാണ് മതം, താടിയാണ് സ്നേഹം’ എന്ന മുദ്രാവാക്യം ഉയർത്തി 14 ജില്ലകളിൽ നിന്നും താടിക്കാർ ഒത്തു കൂടിയപ്പോൾ കല്ല്യാണവും പൊടിപൊടിച്ചു. താടിക്കാരുടെ ഏറ്റവും വലിയ സംഘടനയായ കേരള ബിയേഡ് സൊസൈറ്റിയുടെ വൈസ് പ്രസിഡന്റിന്റെ വിവാഹത്തിനാണു നൂറോളം താടിക്കാർ ഒത്തു കൂടിയത്. കൂടുതലും നീളൻ താടിക്കാരായിരുന്നു.
തൊടുപുഴ കാഞ്ഞിരമറ്റത്ത് വർക് ഷോപ്പ് നടത്തുന്ന ശശി നിവാസിൽ രവി ജയറാമിന്റെ വിവാഹത്തിനാണ് കൗതുകം നിറഞ്ഞ ഈ താടി പ്രദർശനം നടന്നത്. പതിനാറാംകണ്ടത്തെ ക്രിസ്തുരാജ കമ്മ്യൂണിറ്റി ഹാളിൽ വെച്ചായിരുന്നു വിവാഹം. താഴെ പതിനാറാംകണ്ടത്ത് ചടയംമാക്കൽ ഗോപിയുടെയും രാജമ്മയുടെയും മകൾ രമ്യയാണ് രവിയുടെ വധു.
കേരളത്തിൽ ബിയേഡ് സൊസൈറ്റിക്ക് ആയിരത്തോളം അംഗങ്ങൾ ഉണ്ട്. നോ ഷേവ് നവംബർ ക്യാംപെയിന്റെ ഭാഗമായി താടിക്കാരുടെ അടുത്ത കൂട്ടായ്മ 30ന് തലശ്ശേരിയിൽ നടക്കുന്നതാണ് ഇവരുടെ അടുത്ത ഒത്തുചേരൽ. സാമൂഹിക സേവനമാണ് ലക്ഷ്യം.
Discussion about this post