തിരുവനന്തപുരം: പാതി വഴിയിൽ പഠനം മുടങ്ങിയിട്ടും തിരുവനന്തപുരം വെള്ളനാട് വെളിയന്നൂർ സ്വദേശി നന്ദകുമാറിനെ തേടിയെത്തിയത് ഒരു ഡസനോളം സർക്കാർ ജോലികൾ. തിരിച്ചടികൾക്കിടയിലും കാലം കാത്തുവെച്ച സൗഭാഗ്യം തനിക്കായി കാത്തിരിപ്പുണ്ടാകും എന്ന ദൃഢനിശ്ചയത്തോടെ മുന്നോട്ട് പോയതാണ് നന്ദകുമാറിന് തുണയായത്.
വീട്ടിലെ സാമ്പത്തിക സ്ഥിതി മോശമായതോടെയാണ് ബിരുദാനന്തര ബിരുദപഠനം നന്ദകുമാർ പാതിവഴിയിൽ ഉപേക്ഷിച്ചത്. പിന്നീട് പിഎസ്‌സി പരീക്ഷയ്ക്കായി കോച്ചിങ് ഒന്നുമില്ലാതെ തന്നെ തയ്യാറെടുക്കുകയായിരുന്നു. ആഗ്രഹിച്ച സർക്കാർ ജോലിയിലേക്കുള്ള വഴി നന്ദകുമാറിനും കഠിനം തന്നെയായിരുന്നു. പിഎസ്സി കോച്ചിങ് സെന്ററിൽ ഫീസ് നൽകി പഠിക്കാനുള്ള സാഹചര്യമില്ലാതിരുന്നതിനാൽ പുസ്തകങ്ങൾ നോക്കിയായിരുന്നു പഠനം. ഒപ്പം കൂട്ടുകാരോടൊത്ത് കംബൈൻഡ് സ്റ്റഡിയും. ദൃഢനിശ്ചയത്തോടെയുള്ള ചിട്ടയായ പഠനം ആശിച്ച സർക്കാർ ജോലി തന്നെ നന്ദകുമാറിനു നേടിക്കൊടുത്തു. ഒന്നല്ല, ഒരു ഡസനോളം പിഎസ്സി റാങ്ക് ലിസ്റ്റിലാണ് ഈ സൈക്കോളജി ബിരുദധാരി മികച്ച റാങ്കുകൾ കരസ്ഥമാക്കിയത്. തിരുവനന്തപുരം ജില്ലയിലെ എൽഡി ക്ലാർക്ക് റാങ്ക് ലിസ്റ്റിൽ നിന്ന് പൊതുമരാമത്ത് വകുപ്പിൽ നിയമനശുപാർശ ലഭിച്ച നന്ദകുമാർ ഇപ്പോൾ പിഡബ്ല്യുഡിയുടെ സെക്രട്ടേറിയറ്റ് കെട്ടിടവിഭാഗത്തിൽ എൽഡി ക്ലാർക്കാണ്.
കെഎസ്ആർടിസി റിസർവ് കണ്ടക്ടർ, ജയിൽ വകുപ്പിൽ അസിസ്റ്റന്റ് പ്രിസൺ ഓഫിസർ, കെഎസ്എഫ്ഇയിൽ ലാസ്റ്റ് ഗ്രേഡ്, അസിസ്റ്റന്റ്, ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡിൽ എൽഡി ക്ലാർക്ക്, വിവിധ വകുപ്പുകളിൽ എൽഡി ക്ലാർക്ക്, ലാസ്റ്റ് ഗ്രേഡ് സർവന്റ്‌സ് എന്നീ റാങ്ക് ലിസ്റ്റുകളിലും സിവിൽ പൊലീസ് ഓഫിസർ, സിവിൽ എക്‌സൈസ് ഓഫിസർ, ബീറ്റ് ഫോറസ്റ്റ് ഓഫിസർ, എക്‌സൈസ് പ്രിവന്റീവ് ഓഫിസർ, ഫയർമാൻ എന്നീ ഷോർട് ലിസ്റ്റുകളിലുമാണ് നന്ദകുമാർ ഉൾപ്പെട്ടിട്ടുള്ളത്. ഇതിൽ റിസർവ് കണ്ടക്ടർ, അസിസ്റ്റന്റ് പ്രിസൺ ഓഫിസർ, കെഎസ്എഫ്ഇ ലാസ്റ്റ് ഗ്രേഡ്, എൽഡിസി എന്നീ തസ്തികകളിൽ ജോലിയിൽ പ്രവേശിച്ചു.
വെള്ളനാട് വെളിയന്നൂർ ചാങ്ങ നന്ദകൃഷ്ണയിൽ ശ്രീകുമാരൻ നായരുടെയും സത്യഭാമയുടെയും മകനാണ്. ഭാര്യ നീതി ആർ ചന്ദ്രൻ പിഎസ്സി പരീക്ഷാപരിശീലന രംഗത്ത് സജീവമാണ്. ഒരു വയസുകാരൻ സാർവിക് നന്ദനാണ് മകൻ.
Discussion about this post