കൊച്ചി: സംസ്ഥാനത്തെ മിമിക്രി കലാകാരന്മാരോട് സർക്കാരിനും കേരള സംഗീത നാടക അക്കാദമിക്കും എന്നും തൊട്ടുകൂടായ്മയാണെന്ന വിമർശനവുമായി മിമിക്രി കലാകാരൻ കോട്ടയം നസീർ. മിമിക്രി കലാകാരന്മാരെ സർക്കാർ അംഗീകരിക്കുന്നില്ലെന്നും നസീർ പറഞ്ഞു.
നടൻ മുകേഷ് കേരള സംഗീത നാടക അക്കാദമിയുടെ ചെയർമാനായിരുന്ന കാലത്ത് മാത്രം മിമിക്രിക്ക് അംഗീകാരം കിട്ടിയെന്നും അദ്ദേഹം സ്ഥാനത്തു നിന്നും ഇറങ്ങിയതോടെ മിമിക്രിയും തഴയപ്പെട്ടെന്നും നസീർ പറഞ്ഞു.
‘മിമിക്രിയെ സർക്കാർ അംഗീകരിച്ച ചെറിയ കാലയളവിൽ മികച്ച മിമിക്രി കലാകാരനുള്ള അക്കാദമി അവാർഡ് കിട്ടിയ ആളാണ് ഞാൻ. മുകേഷ് ചേട്ടൻ കേരള സംഗീത നാടക അക്കാദമിയുടെ ചെയർമാനായിരുന്ന കാലത്തായിരുന്നു അത്. എന്നാൽ അതിനു ശേഷം മിമിക്രി വീണ്ടും അക്കാദമിയിൽ നിന്നു പുറത്താക്കപ്പെട്ടു. ഇത് ദുഖകരമാണ്’, കോട്ടയം നസീർ വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
എല്ലാ കലാരൂപങ്ങളെയും ബഹുമാനിക്കുന്നവരാണ് മിമിക്രി കലാകാരൻമാർ. പക്ഷേ, തങ്ങളെ അംഗീകരിക്കാൻ ആരും തയാറല്ലെന്നും കോട്ടയം നസീർ പറയുന്നു. സർക്കാർ പരിപാടികളിൽ പോലും മിമിക്രി ഉണ്ടാവുമെന്നും രാഷ്ട്രീയവുമായി അടുത്തു നിൽക്കുന്ന കലാരൂപമായിട്ടും എന്തുകൊണ്ടാണ് അവഗണനയെന്നു മനസ്സിലാകുന്നില്ലെന്നും നസീർ പറഞ്ഞു.
‘ഞാനടക്കം ഭൂരിപക്ഷം മിമിക്രി കലാകാരൻമാരും വലിയ തുക ടാക്‌സ് അടയ്ക്കുന്നവരാണ്. ചാനൽ പരിപാടികൾക്കൊക്കെ ടാക്‌സ് കഴിച്ചുള്ള തുകയാണ് പ്രതിഫലമായി കിട്ടുക. ഞങ്ങൾ തനിയെ പഠിച്ച കല, സ്വന്തമായി അവതരിപ്പിക്കുന്നതിന്റെ പങ്കാണ് സർക്കാരിന് കൊടുക്കുന്നത്. എന്നിട്ടും ഞങ്ങൾ സർക്കാർ രേഖകൾക്കു പുറത്താണ്’, നസീർ കുറ്റപ്പെടുത്തുന്നു.
Discussion about this post