തൃശ്ശൂര്‍: ജില്ലയിലെ പോലീസുകാര്‍ക്ക് ഉല്ലാസ അവധി പ്രഖ്യാപിച്ച് സിറ്റി പോലീസ് കമ്മീഷണര്‍ യതീഷ് ചന്ദ്ര. പോലീസ് ഉദ്യോഗസ്ഥര്‍ക്കിടയിലെ പിരിമുറുക്കവും ഡ്യൂട്ടി ഭാരവും ഒഴിവാക്കാനാണ് കമ്മീഷണറുടെ പുതിയ പ്രഖ്യാപനം. വര്‍ഷത്തിലൊരിക്കലാണ് ഈ ഉല്ലാസ അവധി ലഭിക്കുക. ഈ ലീവ് കാഷ്വല്‍ ലീവായി പരിഗണിക്കുകയും ചെയ്യും.
പോലീസ് അസോസിയേഷന് നല്കിയ അപേക്ഷ പരിഗണിച്ചാണ് യതീഷ് ചന്ദ്ര ഉല്ലാസ അവധി നല്കാന് തീരുമാനിച്ചത്. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരുടെ നിര്‍ദ്ദേശത്തോടെ ഇനി കുടുംബാംഗങ്ങളുമായോ, വിനോദയാത്രയായോ സേനാംഗങ്ങള്‍ക്ക് ഒരുമിച്ച് പോകാനാകും. പോലീസ് സ്റ്റേഷനുകളിലെയും വിവിധ യൂണിറ്റുകളിലെയും പോലീസുകാര്‍ക്ക് ഇനി ഒരു ദിവസം ഒരുമിച്ച് ഒത്തുചേരാനും ഈ സാധിക്കും. നിരവധി പേര് ഈ തീരുമാനത്തെ സ്വാഗതം ചെയ്തു.
സ്റ്റേഷനിലെ ദൈനംദിന ജോലികള്‍ തടസപ്പെടാത്ത വിധത്തില്‍ മുന്‍കൂട്ടി അനുവാദത്തോടെയാകും ഉല്ലാസ അവധി അനുവദിക്കുക. ഇതിനായി സിറ്റി പോലീസ് ലിമിറ്റിലെ മറ്റ് പോലീസ് സ്റ്റേഷനുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരെ താല്‍ക്കാലികമായി ഈ സ്റ്റേഷനില്‍ നിയോഗിക്കും. പോലീസുകാര്‍ക്കിടയില്‍ പരസ്പര സഹകരണം വര്‍ധിപ്പിക്കുക, മാനസിക സമ്മര്‍ദ്ദം അതിജീവിക്കുക, കുടുംബാംഗങ്ങളുമായി കൂടുതല്‍ അടുത്ത് ഇടപഴകുക തുടങ്ങിയവയാണ് ഈ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നത്.
Discussion about this post