ബാംകോ: മാലിയില്‍ സൈനിക പോസ്റ്റിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 53 സൈനികര്‍ കൊല്ലപ്പെട്ടു. വെള്ളിയാഴ്ചയായിരുന്നു സംഭവം. ആക്രമണത്തില്‍ 10 ഓളം പേര്‍ക്ക് അതീവ ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ മാലിയിലെ മെനക പ്രവിശ്യയിലെ ഇന്‍ഡലിമനെയിലുള്ള സൈനിക പോസ്റ്റിന് നേരെ വെള്ളിയാഴ്ചയാണ് ആക്രമണമുണ്ടായത്. മാലിയില്‍ തീവ്രവാദികളും സര്‍ക്കാരും തമ്മിലുള്ള സംഘര്‍ഷം തുടങ്ങിയിട്ട് ഏറെ വര്‍ഷങ്ങളായി. എന്നാല്‍ മാലി സൈന്യത്തിന് നേരെ അടുത്തിടെ തീവ്രവാദികള്‍ നടത്തുന്ന ഏറ്റവും വലിയ ആക്രമണമാണിത്.
നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെങ്കിലും അതീവജാഗ്രതയിലാണ് സൈന്യം. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചതായി മാലി വാര്‍ത്താവിനിമയ മന്ത്രിയായ സങ്കാരെ ട്വീറ്റ് ചെയ്തു.
സംഭവത്തില്‍ ഒരു നാട്ടുകാരനും കൊല്ലപ്പെട്ടിട്ടുണ്ട്. വെള്ളിയാഴ്ച നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ലെന്നാണ് പുറത്തുവന്ന വിവരം. അയല്‍ രാജ്യമായ നൈജറിനോട് അതിര്‍ത്തി പങ്കിടുന്ന പ്രദേശമാണ് മെനക.
Discussion about this post