തിരുവനന്തപുരം: അട്ടപ്പാടിയില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു. ഏറ്റുമുട്ടലില്‍ നാല് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷന് പോലീസ് മേധാവിക്ക് നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.
കമ്മീഷന് കേസ് നവംബര്‍ 12ന് കല്‍പ്പറ്റയില്‍ നടക്കുന്ന സിറ്റിംഗില്‍ പരിഗണിക്കും. മാവോയിസ്റ്റ് ആണെന്ന സംശയത്തിന്റെ പുറത്ത് നാലു പേരുടെ ജീവന് കവരാനുള്ള അധികാരം പോലീസിന് ഇല്ലെന്നും മനുഷ്യാവകാശ കമ്മീഷന് ഉത്തരവില്‍ പറഞ്ഞു. ഒരു സ്ത്രീ ഉള്‍പ്പെടെ നാലു പേരെ വനത്തില്‍ കണ്ട ഉടന്‍ വെടിവെയ്ക്കാനുള്ള പ്രകോപനം എന്താണെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഇതുവരെ വിശദീകരിച്ചിട്ടില്ലെന്നും സ്വയം പ്രതിരോധിക്കാന്‍ ഒരാള്‍ക്ക് അവകാശം ഉണ്ടെന്നും എന്നാല്‍ അട്ടപ്പാടിയില്‍ അത്തരമൊരു സാഹചര്യം ഉണ്ടായതായി കാണുന്നില്ലെന്നും കമ്മീഷന് വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് അട്ടപ്പാടി മേലെ മഞ്ചികണ്ടി ഉള്‍വനത്തില്‍ തണ്ടര്‍ബോള്‍ട്ടും മാവോയിസ്റ്റുകളും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ നാലുപേര്‍ കൊല്ലപ്പെട്ടത്. മണിവാസകം, കര്‍ണാടക സ്വദേശി സുരേഷ്. തമിഴ്നാട് സ്വദേശികളായ രമ, കാര്‍ത്തി എന്നിവരാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്.
Discussion about this post