ന്യൂഡൽഹി: യൂറോപ്യൻ യൂണിയൻ പാർലമെന്റ് അംഗങ്ങളുടെ സംഘം ഇന്ന് ജമ്മുകാശ്മീരിലേക്ക്. സംഘത്തിൽ 27 എംപിമാരാണുള്ളത്. തിങ്കളാഴ്ച യൂറോപ്യൻ യൂണിയൻ എംപിമാരുടെ സംഘത്തെ ഡൽഹിയിൽ സ്വീകരിച്ചു. തുടർന്ന് എംപിമാർ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി അദ്ദേഹത്തിന്റെ വസതിയിൽ കൂടിക്കാഴ്ച നടത്തി. ദേശിയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും എംപിമാരുമായി കൂടിക്കാഴ്ച നടത്തി. യൂറോപ്യൻ യൂണിയന്റെ ഔദ്യോഗിക പ്രതിനിധി സംഘമായല്ല എംപിമാരുടെ സന്ദർശനമെന്നാണ് വിവരം.
അതേസമയം, കാശ്മീരിലേക്ക് യൂറോപ്യൻ യൂണിയൻ എംപിമാർക്ക് സന്ദർശന അനുമതി നൽകിയ സർക്കാർ നടപടിക്കെതിരെ പ്രതിപക്ഷം രൂക്ഷ വിമർശനവുമായി രംഗത്തെത്തി. കേന്ദ്രസർക്കാരിന്റെ നടപടി, ഇന്ത്യൻ പാർലമെന്റിനോടുള്ള മര്യാദകേടിന്റെ അങ്ങേയറ്റമാണെന്നും എംപിമാരുടെ പ്രത്യേക അവകാശങ്ങൾ ലംഘിക്കപ്പെട്ടുവെന്നും കോൺഗ്രസ് നേതാവ് ആനന്ദ് ശർമ പ്രതികരിച്ചു.
പ്രതിപക്ഷനേതാക്കളുടെ സർവകക്ഷി സംഘം ശ്രീനഗറിലെത്തിയപ്പോൾ, വിമാനത്താവളത്തിൽവെച്ച് തടഞ്ഞു. പുറത്തിറങ്ങി ഒരു കാശ്മീരിയെ പോലും കാണാൻ അനുവദിച്ചില്ല. രാജ്യത്തെ എംപിമാരായ തങ്ങളുടെ പ്രത്യേക അവകാശങ്ങൾ ലംഘിക്കപ്പെട്ടു. ഈ ദിവസം വരെ വിഷയത്തെ കുറിച്ച് സർക്കാർ പാർലമെന്റിനെ ബോധിപ്പിച്ചിട്ടില്ല. ആഭ്യന്തര കാര്യങ്ങൾക്കുള്ള പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റിയെ പോലും ബോധിപ്പിച്ചിട്ടില്ല. എന്നാൽ യൂറോപ്യൻ യൂണിയൻ എംപിമാരെ കാര്യങ്ങൾ ബോധിപ്പിക്കാൻ സർക്കാർ താൽപര്യം കാണിക്കുന്നുവെന്നും ആനന്ദ് ശർമ ആരോപിച്ചു.
Discussion about this post