പാലക്കാട്: പിഎസ് ശ്രീധരൻ പിള്ളയെ മിസോറം ഗവർണറായി നിയമിച്ചതിന് പിന്നാലെ ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് ഇനിയാര് എന്ന ചോദ്യം ശക്തമാകുന്നു. പാർട്ടിക്കകത്ത് നിന്നുതന്നെ പേരുകൾ ഉയർന്നുകേൾക്കാൻ തുടങ്ങിയ സാഹചര്യത്തിൽ പ്രതികരണവുമായി ബിജെപി ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ.
ഒഴിവു വന്ന ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് വരാൻ കെൽപ്പുള്ള ഒരുപാട് പേർ പാർട്ടിയിലുണ്ടെന്ന് ശോഭാ സുരേന്ദ്രൻ പാലക്കാട് പ്രതികരിച്ചു. ഉചിതമായ സമയത്ത് പാർട്ടിക്ക് പുതിയ അധ്യക്ഷൻ വരും. അധികാരത്തിന്റെ തണലിലിരുന്ന്കൊണ്ടാണ് ഇരുമുന്നണികളും ബിജെപിയെ കല്ലെറിഞ്ഞിട്ടുള്ളതെന്നും പാലക്കാട് മാധ്യമങ്ങളോട് സംസാരിക്കവെ ശോഭാ സുരേന്ദ്രൻ പറഞ്ഞു.
ജനങ്ങൾക്കും പാർട്ടി പ്രവർത്തകർക്കും താൽപര്യമുള്ള ഒരു വ്യക്തി പാർട്ടി പ്രസിഡന്റിന്റെ പദവിയിൽ എത്തും. ക്യാപ്റ്റൻ ആരാണോ ആ ക്യാപ്റ്റനോടൊപ്പം നിന്ന് കൊണ്ട് ഒന്നാന്തരമായി പ്രവർത്തിക്കാൻ സാധിക്കുന്ന കളിക്കാർ ഞങ്ങളുടെ പാർട്ടിക്കകത്തുണ്ട്. ഞങ്ങൾ അടിക്കാൻ പോകുന്ന ഗോളുകൾ തടുക്കാൻ ശക്തിയുള്ള ഒരു യുവനിര പ്രതിപക്ഷത്ത് കാണാൻ സാധ്യതയില്ല. കളി ഞങ്ങൾ തുടങ്ങാൻ പോകുകയാണെന്നും ശോഭാ സുരേന്ദ്രൻ ാത്മവിശ്വാസം പ്രകടിപ്പിച്ചു.
Discussion about this post