മുംബൈ: മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമില്‍. വിരാട് കോഹ്‌ലിയുടെ അഭാവത്തില്‍ രോഹിത് ശര്‍മ നയിക്കുന്ന ടീമില്‍ ബാറ്റ്‌സ്മാനായാണ് സഞ്ജുവിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഋഷഭ് പന്താണ് വിക്കറ്റ് കീപ്പര്‍.
ബംഗ്ലാദേശിന് എതിരായ ട്വന്റി 20 പരമ്പരയിലാണ് സഞ്ജു ബാറ്റേന്തുക. 2015 ജൂലൈയ്ക്ക് ശേഷം ആദ്യമായാണ് സഞ്ജു ഇന്ത്യന്‍ ടീമിലെത്തുന്നത്. സഞ്ജുവിന്റെ പ്രകടനം മികച്ചതായതായി സെലക്റ്റര്‍ എംഎസ്‌കെ പ്രസാദ് പറഞ്ഞു. മുന്‍നിര ബാറ്റ്‌സ്മാനായാണ് സഞ്ജുവിനെ ഉള്‍പ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.
വിജയ് ഹസാരെ ട്രോഫിയില്‍ ഇരട്ട സെഞ്ചുറി കുറിച്ച പ്രകടനത്തോടെ സഞ്ജു ദേശീയ ക്രിക്കറ്റില്‍ സാന്നിധ്യമറിയിച്ചിരുന്നു. ഗൗതം ഗംഭീര്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ സഞ്ജുവിന് അവസരം നല്‍കണമെന്ന പരസ്യ പ്രസ്താവനകളുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. നവംബര്‍ 11ന് ആരംഭിക്കുന്ന ബംഗ്ലദേശിന്റെ ഇന്ത്യന്‍ പര്യടനത്തില്‍ മൂന്നു ട്വന്റി20 മത്സരങ്ങളും രണ്ടു ടെസ്റ്റുകളുമാണുള്ളത്.
ഏകദിന ലോകകപ്പിനുശേഷം തുടര്‍ച്ചയായി കളിക്കുന്ന ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്ക് ട്വന്റി 20 പരമ്പരയില്‍നിന്ന് വിശ്രമം അനുവദിച്ചു. പകരം രോഹിത് ശര്‍മ ടീമീനെ നയിക്കും. പരുക്കിനെ തുടര്‍ന്നു ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുന്ന ഹാര്‍ദിക് പാണ്ഡ്യയ്ക്ക് പകരം മുംബൈ താരം ശിവം ദുബെയെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ടെസ്റ്റ് ടീമിനെ കോഹ്‌ലി തന്നെയാണ് നയിക്കുന്നത്.
Discussion about this post