ന്യൂഡൽഹി: രാജ്യത്തിനകത്തും പുറത്തും രാഹുൽ ഗാന്ധിയുടെ സുരക്ഷയുടെ കാര്യത്തിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് കേന്ദ്രസർക്കാർ. 1991 മുതൽ രാഹുൽ നടത്തിയ 156 വിദേശസന്ദർശനങ്ങളിൽ 143 തവണയും അദ്ദേഹം എസ്പിജി സുരക്ഷ ഒഴിവാക്കിയെന്നും രാജ്യത്തു പലയിടത്തും സഞ്ചരിക്കുമ്പോൾ രാഹുൽ ബുള്ളറ്റ് പ്രൂഫ് വാഹനം ഉപയോഗിച്ചിട്ടില്ലെന്നും എസ്പിജി റിപ്പോർട്ടിൽ പറയുന്നു.
പ്രധാനമന്ത്രിക്കും കുടുംബാംഗങ്ങൾക്കും സുരക്ഷാഭീഷണിയുള്ള മുൻപ്രധാനമന്ത്രിമാർക്കും കുടുംബാംഗങ്ങൾക്കുമെല്ലാം സുരക്ഷ നൽകുന്നത് എസ്പിജിയാണ്. 2015 മുതൽ ഈ വർഷം മേയ് വരെ ബുള്ളറ്റ് പ്രൂഫ് സുരക്ഷയില്ലാത്ത വാഹനത്തിൽ 1,892 തവണയാണ് രാഹുൽ ഡൽഹിയിൽ യാത്ര ചെയ്തത്. ഡൽഹിക്കു പുറത്തുള്ള യാത്രകളിൽ ഈ വർഷം ജൂൺ വരെയുള്ള കണക്കിൽ 247 തവണയും സുരക്ഷാ പ്രോട്ടോക്കോൾ ലംഘിച്ചു. യുപിഎ സർക്കാർ ഭരിച്ച 2005-2014 കാലയളവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ 18 തവണ ബുള്ളറ്റ് കവചമില്ലാത്ത വാഹനത്തിൽ രാഹുൽ സഞ്ചരിച്ചെന്നും കേന്ദ്രസർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ഒരു ഇംഗ്ലീഷ് ദിനപത്രം റിപ്പോർട്ടു ചെയ്യുന്നു.
സുരക്ഷാ പ്രോട്ടോകോൾ രാഹുൽ പാലിക്കുന്നില്ലെന്നാണ് ഒരു വിഭാഗം എസ്പിജി ഉദ്യോഗസ്ഥരും ഉന്നയിക്കുന്ന വിമർശനം. എസ്പിജി സുരക്ഷയുള്ളവർക്ക് എല്ലാ സമയവും സുരക്ഷ നൽകണമെന്നാണ് ചട്ടമെന്നും വിദേശയാത്രയും അതിൽ ഉൾപ്പെടുമെന്നുമാണ് ഉയരുന്ന വാദം. അതേസമയം വിദേശയാത്രകളിലും സുരക്ഷ നൽകുന്നതിനെ കുറിച്ച് എസ്പിജി നിയമത്തിൽ പ്രത്യേകം പറയുന്നില്ലെന്നും വാദമുണ്ട്.
നേരത്തെ രാഹുൽ ഗാന്ധിക്കും സോണിയാ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും വിദേശത്തും എസ്പിജി സുരക്ഷ ഏർപ്പെടുത്തുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചത് വിമർശനത്തിന് കാരണമായിരുന്നു. വിദേശങ്ങളിലെ യാത്രാവിവരങ്ങൾ കേന്ദ്രസർക്കാർ ചോർത്താൻ ശ്രമിക്കുന്നെന്നായിരുന്നു ആരോപണം.
Discussion about this post