കൊല്ലം: രാത്രി ഷിഫ്റ്റില്‍ ഡ്യൂട്ടി ഡോക്ടര്‍ക്ക് പകരം എത്തിയ അപരന്‍ ഡോക്ടര്‍ ആരോഗ്യ വകുപ്പ് വിജിലന്‍സ് സംഘം എത്തിയതോടെ മുങ്ങി. കടക്കല്‍ താലൂക്ക് ആശുപത്രിയിലാണ് സംഭവം. രാത്രി ഡ്യൂട്ടി ഉണ്ടായിരുന്ന ഡോ. എസ് എസ് സുരേഷിന് പകരം മുന്‍പ് ആശുപത്രിയില്‍ താത്കാലികാടിസ്ഥാനത്തില്‍ എന്‍ എച്ച് എം വഴി ജോലി ചെയ്തിരുന്ന ഡോ. അല്‍ ഷര്‍ഫിന്‍ ആണ് രാത്രി ഡ്യൂട്ടി എടുത്തത്. പരിശോധനയ്ക്കായി വിജിലന്‍സ് സംഘം എത്തിയതോടെ ഇയാള്‍ മുങ്ങി.
ഡ്യൂട്ടിക്കെത്തിയിരുന്നില്ലെങ്കിലും രേഖകളില്‍ എല്ലാം ഡോ. സുരേഷ് തന്നെ ആയിരുന്നു രാത്രി ചുമതലയുള്ള ഡോക്ടര്‍. സുരേഷിന് പകരമെത്തിയ അല്‍ ഷര്‍ഫിന്‍ പുലര്‍ച്ചെ വരെ രോഗികളെ പരിശോധിച്ചു. ഇതിനിടയിലാണ് ആരോഗ്യ വകുപ്പ് വിജിലന്‍സ് സംഘം ആശുപത്രിയില്‍ പരിശോധനയ്ക്കായി എത്തിയത്.
വിജിലന്‍സ് സംഘത്തെ കണ്ടതോടെ അല്‍ ഷര്‍ഫിന്‍ മുങ്ങുകയായിരുന്നു. ഇതോടെ കാത്തിരുന്ന രോഗികള്‍ പ്രതിസന്ധിയിലായി. തുടര്‍ന്ന് വിജിലന്‍സ് സംഘം സൂപ്രണ്ട് അടക്കം മറ്റ് ഡോക്ടര്‍മാരെ വിളിച്ചു വരുത്തിയാണ് ആശുപത്രി പ്രവര്‍ത്തനം പുനരാരംഭിച്ചത്. ഡോക്ടര്‍ സുരേഷ് കഴിഞ്ഞ ഒരുമാസമായി ഡ്യൂട്ടി എടുക്കാറില്ലെന്നും പകരം മറ്റൊരു ഡോക്ടറെ കൊണ്ടുവരാറുണ്ടെന്നുമുള്ള പരാതി നേരത്തെ ആരോഗ്യ വകുപ്പിന് ലഭിച്ചിരുന്നു.
ഇതേതുടര്‍ന്നാണ് ആരോഗ്യവകുപ്പ് വിജിലന്‍സ് സംഘം ആശുപത്രിയില്‍ പരിശോധനയ്ക്കായി എത്തിയത്. ആള്‍മാറാട്ടം കൈയ്യോടെ പിടികൂടിയതിനാല്‍ ഡോക്ടര്‍ സുരേഷിനെതിരെ നടപടിയെടുക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ രോഗികളുടെ തിരക്ക് കണക്കിലെടുത്താണ് ഡോ. അല്‍ ഷര്‍ഫിന്റെ സേവനം തേടിയത് എന്നാണ് ആശുപത്രി സൂപ്രണ്ട് പറയുന്നത്. സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍ക്ക് രാത്രി ഡ്യൂട്ടി കൊടുക്കുന്നതിനാല്‍ പകല്‍ സമയങ്ങളില്‍ ഒ പികളില്‍ ഡോക്ടര്‍മാരില്ലാത്ത സ്ഥിതിയും ആശുപത്രിയില്‍ ഉണ്ടെന്ന് വിജിലന്‍സ് കണ്ടെത്തി.
Discussion about this post