കോഴിക്കോട്: അഭിഭാഷകർ കിണഞ്ഞുശ്രമിച്ചിട്ടും കൂടത്തായി കേസിലെ പ്രതികൾക്ക് ജാമ്യം ലഭിച്ചില്ല. കൊലപാതക പരമ്പരയിലെ മൂന്ന് പ്രതികളേയും പോലീസ് കോടതിയിൽ ഹാജരാക്കി. റിമാൻഡ് കാലാവധി അവസാനിച്ചതിനാലാണ് കോടതിയിൽ ഹാജരാക്കിയത്. തുടർന്ന് മുഖ്യപ്രതി ജോളിയുടെയും മറ്റു 2 പേരുടെയും പോലീസ് കസ്റ്റഡി നാളെ വൈകിട്ട് 4വരെ നീട്ടി. റിമാൻഡ് കാലാവധി അവസാനിക്കുന്ന 19ന് ഇവരുടെ ജാമ്യാപേക്ഷ പരിഗണിക്കും.
മൂന്നാം പ്രതി പ്രജികുമാറിന് സയനൈഡ് ലഭിച്ചത് കോയമ്പത്തൂരിൽ നിന്നാണെന്നും ജോളിക്കും കോയമ്പത്തൂർ ബന്ധമുള്ളതിനാൽ ഇതനുസരിച്ച് കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്നും അന്വേഷണ സംഘം താമരശ്ശേരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി-2ൽ സമർപ്പിച്ച കസ്റ്റഡി അപേക്ഷയിൽ പറയുന്നു. ജോളിയുടെ സുഹൃത്ത് ബിഎസ്എൻഎൽ ജീവനക്കാരൻ ജോൺസന് കേസിലുള്ള പങ്കും കണ്ടെത്താനുണ്ട്.
ജോളിയുടെ മൊഴി പ്രകാരം കഴിഞ്ഞ 14ന് രാത്രി കൂടത്തായിയിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ സയനൈഡ് എന്നു തോന്നിക്കുന്ന വെളുത്ത പദാർത്ഥം കണ്ടെടുത്തിരുന്നെന്നും സയനൈഡ് മറ്റെവിടെയെങ്കിലും സൂക്ഷിച്ചിട്ടുണ്ടോയെന്നും അന്വേഷിക്കാനുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ ബോധിപ്പിച്ചു.
അറസ്റ്റിലാകുന്നതിനു മുൻപ് ജോളി കട്ടപ്പനയിലെ ബന്ധുക്കളുടെ സഹായത്തോടെ മുൻകൂർ ജാമ്യത്തിനു ശ്രമിച്ചിരുന്നതായാണ് വിവരം. ഇവർക്ക് കുറ്റകൃത്യത്തിൽ അറിവുണ്ടോ എന്ന് പരിശോധിക്കണമെന്നും പ്രോസിക്യൂഷൻ അറിയിച്ചു.
അതേസമയം, പ്രതികളെ അപമാനിക്കും വിധം നാടുനീളെ കൊണ്ടുനടന്ന് തെളിവെടുപ്പ് നടത്തുന്നുണ്ടെങ്കിലും പോലീസിന് തെളിവുകളൊന്നും കണ്ടെത്താനായിട്ടില്ലെന്ന് മൂവരുടെയും അഭിഭാഷകർ വാദിച്ചു. ചോദ്യം ചെയ്യലിന് മതിയായ സമയം ലഭിച്ചെന്നും രാവും പകലും ഇതുതുടരുന്നതിനാൽ പ്രതികൾ ക്ഷീണിതരാണെന്നും അഭിഭാഷകർ അറിയിച്ചു. തുടർന്ന് 3 ദിവസത്തെ കസ്റ്റഡി പ്രോസിക്യൂഷൻ ആവശ്യപ്പെട്ടെങ്കിലും ഒരു ദിവസത്തേക്ക് മാത്രമാണ് കോടതി നീട്ടി നൽകിയത്.
Discussion about this post