കൊച്ചി: മഞ്ജു വാര്യരുടെ കലാജീവിതത്തില്‍ സിനിമയോടൊപ്പം തന്നെ ഉയരത്തിലാണ് നൃത്തവും. അഭിനേത്രയെന്ന രീതിയില്‍ മാത്രമല്ല നര്‍ത്തകിയായും മഞ്ജു വാര്യര്‍ ആരാധകര്‍ക്കിടയില്‍ എന്നും നിറഞ്ഞുനിന്നിരുന്നു അന്നും ഇന്നും. സിനിമയില്‍ നിന്നും ഇടവേളയെടുത്ത കാലത്തും ആരാധകര്‍ മഞ്ജുവിനെ നെഞ്ചേറ്റിയത് അവരുടെ നൃത്തത്തിനു കൂടിയുള്ള അംഗീകാരമായിരുന്നു.
പിന്നീട് ഇടവേളയ്ക്ക് ശേഷം മഞ്ജു കലാജീവിതത്തിലേക്ക് വന്നതും നൃത്തത്തിലൂടെ ആയിരുന്നു. സിനിമയില്‍ തിരക്കേറിയെങ്കിലും താരം നൃത്ത വേദികളെ കൈയ്യൊഴിഞ്ഞിട്ടില്ല, നര്‍ത്തകിയായും തിരക്കേറിയ ജീവിതം നയിക്കുകയാണ് മഞ്ജു ഇന്ന്. തളര്‍ന്നു പോയപ്പോഴെല്ലാം താങ്ങായി നിന്നും എന്നും ഗുരുവെന്ന സ്ഥാനത്തിലുപരി ചേച്ചിയായി കൂടെ നിന്ന തന്റെ തന്റെ പ്രിയ ടീച്ചര്‍ക്ക് ജന്മദിനത്തില് ആശംസകള്‍ നേര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ താരമായിരിക്കുകയാണ് മഞ്ജു വാര്യര്‍. ഗീതാ പദ്മകുമാര്‍ ആണ് നൃത്തത്തില്‍ ഇപ്പോള്‍ മഞ്ജുവിന്റെ ഗുരു. ഗുരുവിന്റെ പിറന്നാള്‍ ദിനത്തില്‍ ഹൃദയസ്പര്‍ശിയായ പോസ്റ്റാണ് താരം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്.
മഞ്ജുവിന്റെ തിരിച്ചുവരവിലെ രണ്ടാം ചിത്രമായ ‘എന്നും ഇപ്പോഴും’ എന്ന സത്യന് അന്തിക്കാട് സിനിമയിലെ മനോഹരമായ നൃത്തരംഗം മഞ്ജുവിനു വേണ്ടി ചിട്ടപ്പെടുത്തിയത് ഗീതാ പദ്മകുമാര്‍ ആയിരുന്നു. ഒരുപാട് നാളികള്ക്കിപ്പുറം കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ആരാധകര്‍ കണ്ട മഞ്ജുവിന്റെ ക്ലാസ്സിക്കല്‍ ഡാന്‍സ് പെര്‍ഫോമന്‍സുകളില്‍ ഒന്നായിരുന്നു അത്.
ഗുരുത്വം എന്നും തന്റെ കരുത്തായി കൊണ്ടു നടക്കുന്ന മഞ്ജു വാര്യര്‍ ഗീത പദ്മകുമാറിനെ കുറിച്ച് ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞതിങ്ങനെ-
‘എന്റെ ആദ്യത്തെ ഗുരു സെലിന്‍കുമാരി ടീച്ചര്‍ മുതല്‍ ഇപ്പോഴത്തെ ഗുരു ഗീത പദ്മകുമാര്‍ വരെ എല്ലാവരും എനിക്ക് ഏറെ പ്രിയപ്പെട്ടവരാണ്. എന്റെ നേട്ടങ്ങളില്‍ അവരുടെയെല്ലാം സംഭാവനകളുണ്ട്. ഇപ്പോള്‍ ഗീത ടീച്ചറുടെ അടുത്ത് പഠനം തുടരുന്നു. നാവുകൊണ്ട് ടീച്ചര്‍ എന്നു ഞാന്‍ പറയുന്നുണ്ടെങ്കിലും ഹൃദയം കൊണ്ട് ചേച്ചി എന്നാണ് വിളിക്കുന്നത്. ടീച്ചര്‍ പറയും, സിനിമാതാരമായതുകൊണ്ടല്ല; മഞ്ജു നല്ല നര്‍ത്തകി ആയതുകൊണ്ടാണ് ആളുകള്‍ പ്രോഗ്രാം കാണാന്‍ വരേണ്ടത്. അതനുസരിച്ചുള്ള പെര്‍ഫോമന്‍സ് തിരികെ കൊടുക്കണമെന്ന്. പെര്‍ഫോമന്‍സിന്റെ ക്വാളിറ്റിയില്‍ ഒട്ടും കോംപ്രമൈസ് ചെയ്യാന്‍ ടീച്ചര്‍ സമ്മതിക്കില്ല. അത്രക്ക് ഇന്ററസ്റ്റ് എടുത്താണ് ഓരോ പ്രോഗ്രാമിനു വേണ്ടിയും എന്നെ ഒരുക്കുന്നത്’
‘കല്യാണം കഴിഞ്ഞതിനു ശേഷം ഡാന്‍സിലും വലിയ ഗ്യാപ്പ് വന്നു. പിന്നീട് മകള്‍ മീനാക്ഷിയെ ഡാന്‍സ് പഠിപ്പിക്കാന്‍ ഗീത പദ്മകുമാര്‍ ടീച്ചര്‍ വീട്ടില്‍ വന്നപ്പോള്‍ ഒരു കൗതുകത്തിനു വേണ്ടി അവളോടൊപ്പം ഞാന്‍ വീണ്ടും ചുവടുവയ്ക്കുകയായിരുന്നു. അപ്പോള്‍ ആദ്യമേ തന്നെ ഞാന്‍ ടീച്ചറോട് പറഞ്ഞു’
‘ഡാന്‍സ് ചെയ്തിട്ട് വര്ഷങ്ങളായില്ലേ, അറിയാമായിരുന്നതെല്ലാം എന്റെ കയ്യില്‍നിന്നു പോയിട്ടുണ്ടാകും. എന്നാലും ഞാനൊന്ന് ശ്രമിക്കുകയാണ് പക്ഷേ, രണ്ടാം ദിവസം ടീച്ചര്‍ എന്നോട് പറഞ്ഞു- മഞ്ജു പണ്ട് പഠിച്ചതൊന്നും എവിടെയും പോയിട്ടില്ല. ഡാന്‍സില്‍ കിട്ടിയിരിക്കുന്ന നല്ല ബെയ്സിന്റെ ഗുണമാണത്. അതുകേട്ടപ്പോള്‍ എനിക്ക് വലിയ സന്തോഷം തോന്നി. അന്നു രാത്രിതന്നെ ഞാന്‍ അമ്മയെ വിളിച്ച് ഗീതടീച്ചര്‍ പറഞ്ഞതെല്ലാം പറഞ്ഞു-‘ മഞ്ജു വാര്യര്‍ തന്റെ ഗുരുവിനെ കുറിച്ച് വാചാലയാകുന്നു.
Discussion about this post