മുംബൈ: ഇന്ത്യ ഫ്രാൻസിൽ നിന്നും വാങ്ങിയ റാഫേൽ വിമാനങ്ങളിൽ ഓം എന്നെഴുതിയതിനെ ന്യായീകരിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. യുദ്ധവിമാനത്തിൽ ഓം എന്നെഴുതി. തേങ്ങയും ഉടച്ചു. അതിൽ തെറ്റില്ല, അവസാനമില്ലാത്ത പ്രപഞ്ചത്തെയാണ് ഓം സൂചിപ്പിക്കുന്നത്. താൻ തന്റെ വിശ്വാസത്തിന് അനുസരിച്ചാണ് പ്രവർത്തിച്ചത്. ക്രിസ്ത്യൻ, മുസ്ലിം, സിഖ് സമുദായാംഗങ്ങൾ ആമേൻ, ഓംകാർ തുടങ്ങിയ വാക്കുകൾ ഉപയോഗിച്ച് ആരാധന നടത്താറുണ്ടെന്നും താൻ ആയുധപൂജ നടത്തിയ സമയത്ത് ക്രിസ്ത്യൻ, മുസ്ലിം, സിഖ്, ബുദ്ധ തുടങ്ങിയ മതാനുയായികൾവർ ചടങ്ങിൽ സന്നിഹിതരായിരുന്നെന്നും അദ്ദേഹം വിശദീകരിച്ചു. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ മീരാ ഭായന്ദറിൽ തെരഞ്ഞെടുപ്പു റാലിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അന്ന് ബലാക്കോട്ട് ആക്രമണ കാലത്ത് ഇന്ത്യയുടെ കൈയ്യിൽ റാഫേൽ യുദ്ധവിമാനം ഉണ്ടായിരുന്നെങ്കിൽ വ്യോമാക്രമണം ഇന്ത്യയിലിരുന്നു തന്നെ നടപ്പാക്കാമായിരുന്നെന്നും പ്രതിരോധമന്ത്രി പറഞ്ഞു. റാഫേൽ യുദ്ധവിമാനങ്ങൾ സ്വയംപ്രതിരോധത്തിനുള്ളതാണെന്നും അല്ലാതെ ആക്രമണത്തിനുള്ളതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മീരാഭയാന്ദറിൽ നരേന്ദ്ര മെഹ്തയാണ് ബിജെപി സ്ഥാനാർത്ഥി. ഇദ്ദേഹത്തിനായി പ്രചാരണം നയിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
2019 ഫെബ്രുവരി 14നു നടന്ന പുൽവാമ ഭീകരാക്രമണത്തിനുള്ള മറുപടിയായാണ് ഫെബ്രുവരി 26ന് പാകിസ്താനിലെ ബാലാകോട്ടിൽ പ്രവർത്തിച്ചിരുന്ന ഭീകരക്യാമ്പുകൾക്കു നേരെ ഇന്ത്യൻ വ്യോമസേന ആക്രമണം നടത്തിയത്.
Discussion about this post