കാക്കനാട്: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ കാക്കനാട് പെണ്‍കുട്ടിയെ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി ഡിജിപി ലോക്നാഥ് ബെഹ്റ രംഗത്ത്.
പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊല്ലുന്ന സംഭവങ്ങള്‍ പരിഷ്കൃത സമൂഹത്തിന് അംഗീകരിക്കാനാവില്ലെന്ന് ഡിജിപി പറഞ്ഞു. കേരളത്തില്‍ ഇത്തരം സംഭവങ്ങള്‍ മുമ്പ് ഉണ്ടായിരുന്നില്ലെന്നും ഇത് സാമൂഹികസ്ഥിതിയിലുണ്ടായ മാറ്റമാണെന്നും ഡിജിപി പറഞ്ഞു. എറണാകുളം കാക്കനാടില്‍ പതിനേഴുകാരിയെ പെട്രോളോഴിച്ച് തീകൊളുത്തി കൊന്ന സംഭവത്തില്‍ പ്രതികരികരിക്കുകയായിരുന്നു അദ്ദേഹം.
ഇത്തരം സംഭവങ്ങള്‍ തടയാന്‍ പോലീസ് മാത്രം വിചാരിച്ചാല്‍ കഴിയില്ല. സമൂഹത്തിനും വലിയ ഉത്തരവാദിത്വമുണ്ട്. മാതാപിതാക്കളുടെയും അധ്യാപകരുടെയും ഇടപെടല്‍ അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാക്കനാടില്‍ ഉണ്ടായ സംഭവം വലിയ അസ്വാസ്ഥ്യമുണ്ടാക്കുന്നതാണ്. അഞ്ചു നിമിഷത്തെ ആവേശത്തില്‍ നഷ്ടമായത് രണ്ട് ചെറുപ്പക്കാരുടെ ജീവനാണ്. ഇത് വളരെയധികം വിഷമുണ്ടാക്കുന്നതാണ്. ഇതൊന്നുമല്ല ജീവിതത്തിന്റെ അവസാനം. ജീവന് വളരെ വിലപ്പെട്ടതാണ്. ഒരു പോലീസ് ഉദ്യോഗസ്ഥനെന്ന നിലയില്‍ അന്വേഷണത്തിനുള്ളതെല്ലാം ചെയ്യും. എന്നാല്‍ ഇത്തരം കൊലപാതകങ്ങള്‍ നടക്കാതിരിക്കാന്‍ ഒരു മനുഷ്യനെന്ന നിലയില്‍ ജനങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ടെന്നും ലോക്നാഥ് ബെഹ്റ പറഞ്ഞു.
ഇന്ന് പുലര്‍ച്ചെയാണ് കാക്കനാട് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ യുവാവ് വീട്ടില്‍ അതിക്രമിച്ച് കയറി പെട്രോളൊഴിച്ച് തീകൊളുത്തി കൊന്നത്. കാക്കനാട് അത്താണി സലഫി ജുമാ മസ്ജിദ്നു സമീപം പത്മാലയത്തില്‍ ഷാലന്റെ മകള്‍ ദേവികയാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ദേവിക തല്‍ക്ഷണം മരിച്ചു.
Discussion about this post