കോഴിക്കോട്: കൂടത്തായിയിലെ മുഖ്യപ്രതി ജോളി മുമ്പും ഭർതൃമാതാവിന് നേരെ വിഷം പ്രയോഗിച്ചിരുന്നെന്ന് കണ്ടെത്തി അന്വേഷണസംഘം. ജോളിയുടെ ആറു കൊലപാതകങ്ങളിലെ ആദ്യത്തേത് ഭർത്താവ് റോയിയുടെ മാതാവായ അന്നമ്മയുടേതായിരുന്നു. ഇവരെ മുമ്പും കൊലപ്പെടുത്താൻ ജോളി ശ്രമിച്ചിരുന്നു എന്നാണ് പോലീസ് വെളിപ്പെടുത്തുന്നത്. ഭക്ഷണത്തിൽ വിഷം കലർത്തിയാണ് അന്നമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ചത്.
ആദ്യ ശ്രമത്തിൽ അന്നമ്മയ്ക്ക് കാലുകൾക്ക് അസ്വസ്ഥതയുണ്ടാവുകയും ഛർദ്ദിക്കുകയും ചെയ്തതിനെ തുടർന്ന് അവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അന്ന് ഭക്ഷ്യവിഷബാധയാകാം എന്ന നിഗമനത്തിലാണ് ഡോക്ടർമാർ ചികിത്സ നൽകിയത്. എന്നാൽ ജോളി അന്നമ്മയെ കൊലപ്പെടുത്താൻ ചെയ്ത ശ്രമമാണിതെന്നാണ് പോലീസിനു ലഭിച്ച മൊഴി. ചെറിയ അളവിലുള്ള വിഷപ്രയോഗമായിരുന്നു അന്ന്
ജോളി നടത്തിയത്.
എന്നാൽ രണ്ടാമത് ആട്ടിൻ സൂപ്പിൽ വിഷം കലർത്തി അന്നമ്മയെ കൊല്ലുകയായിരുന്നുവെന്നും ജോളി അന്വേഷണസംഘത്തോട് പറഞ്ഞു. സമാനമായ രീതിയിൽ റോയി തോമസിന്റെ സഹോദരി രഞ്ജി തോമസിനെയും കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നതായി രഞ്ജി പോലിസിന് നേരത്തേ മൊഴി നൽകിയിരുന്നു. കൊലപാതകത്തിൽ ജോളിയെ സഹായിച്ചവരെയും അറസ്റ്റുചെയ്യും. കൂടുതൽ തെളിവുകൾ കൊലപാതക പരമ്പരയിൽ അന്വേഷണ സംഘത്തിന് ലഭിച്ചതിനെ തുടർന്നാണിത്.
Discussion about this post