മോഹന്‍ലാല്‍ ചിത്രം രാവണപ്രഭുവിലെ ഡോ.ജാനകിയെ പ്രേക്ഷകര്‍ക്ക് അത്ര പെട്ടെന്ന് ഒന്നും മറക്കാന്‍ സാധിക്കുകയില്ല. ആദ്യ മലയാള ചിത്രത്തിലൂടെ തന്നെ മലയാളികളുടെ ഹൃദയത്തില്‍ ചേക്കേറിയ താരമാണ് വസുന്ധര ദാസ്. കമല്ഹാസന് സംവിധാനം ചെയ്ത ഹേ റാം എന്ന ചിത്രത്തിലൂടെ ആണ് താരം സംഗീത ലോകത്ത് നിന്ന് സിനിമയിലേക്ക് എത്തിയത്. പിന്നീട് തെന്നിന്ത്യന്‍ സിനിമയുടെ സൂപ്പര്‍ നായികയായിരുന്ന താരം പെട്ടെന്നാണ് സിനിമയില്‍ നിന്ന് മാറി നിന്നത്. ഇപ്പോഴിതാ അതിനെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് താരം. ഒരു പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് താരം ഇതിനെ കുറിച്ച് വ്യക്തമാക്കിയത്.
‘വളരെ അപ്രതീക്ഷിതമായാണ് ഞാന്‍ അഭിനയരംഗത്ത് എത്തിയത്. ഹേ റാം എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ കാരണം സംഗീതമാണ്. കമല്ഹാസന് സാര്‍ സംവിധാനം ചെയ്യുന്ന ചിത്രം അതായിരുന്നു ഹേ റാമിലേക്ക് എന്നെ ആകര്‍ഷിച്ച പ്രധാനഘടകം. ആ ചിത്രത്തില്‍ വേഷമിട്ടതോടെ ആളുകള്‍ എന്നെ തിരിച്ചറിയാന്‍ തുടങ്ങി. അതോടെ സംഗീത രംഗത്തും പ്രശസ്തി നേടുവാന്‍ എനിക്ക് സാധിച്ചു. മല്ലിപ്പൂ ചൂടി എല്ലായ്പ്പോഴും സാരി ചുറ്റി നടക്കുന്ന കഥാപാത്രമായിരുന്നു എന്റേത്. ബംഗളൂരു പോലൊരു മെട്രോ നഗരത്തില്‍ വളര്‍ന്ന എന്നെ സംബന്ധിച്ച് എനിക്ക് അതൊരു പുതിയ അനുഭവമായിരുന്നു.
ആ ചിത്രത്തിന് ശേഷം ഞാന്‍ രണ്ടു സിനിമകളില്‍ കൂടി വേഷമിട്ടു. അങ്ങനെയിരിക്കെയാണ് എനിക്ക് മലയാളത്തിലേക്ക് ക്ഷണം വരുന്നത്. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികാ വേഷം. അത് എനിക്ക് നിരസിക്കാന്‍ തോന്നിയില്ല. രാവണപ്രഭുവിന്റെ സെറ്റിലെത്തിയപ്പോള്‍ ആദ്യം അഭിനയിച്ചത് പൊട്ടുകുത്തെടീ പുടവചുറ്റടി എന്ന ഗാനരംഗത്ത് ആയിരുന്നു. അഞ്ച് ദിവസത്തോളം തുടര്‍ച്ചയായി ഓടുകയായിരുന്നു എന്റെ ജോലി. ത്രീ ഫോര്‍ത്തും തൊപ്പിയുമായിരുന്നു എന്റെ വേഷം. ഞാന്‍ വളരെ കംഫര്‍ട്ടബിളായി അഭിനയിച്ച ചിത്രം കൂടിയായിരുന്നു അത്.
പിന്നീട് മമ്മൂട്ടിക്കൊപ്പം വജ്രം എന്ന സിനിമയിലും അഭിനയിച്ചു. അതിനുശേഷം കുറച്ച് സിനിമകളില്‍ കൂടി അഭിനയിച്ച ശേഷം ഞാന്‍ അഭിനയരംഗത്ത് നിന്ന് മാറി നിന്നു. സംഗീതത്തില്‍ കൂടുതല്‍ ശ്രദ്ധ നല്കാന് വേണ്ടിയാണ് അത്തരത്തില്‍ ചെയ്തത്. അഭിനയം നല്കിയ പ്രശസ്തി എന്നെ സംഗീത രംഗത്ത് ഏറെ സഹായിച്ചിട്ടുണ്ട്. സിനിമയിലേക്ക് മടങ്ങിവരുന്നതിനെക്കുറിച്ചൊന്നും ഞാന്‍ ഇതുവരെ ചിന്തിച്ചിട്ടില്ല. എന്റെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങളെല്ലാം വളരെ അപ്രതീക്ഷിതമായിരുന്നു’ എന്നാണ് വസുന്ധര ദാസ് അഭിമുഖത്തില്‍ പറഞ്ഞത്.
Discussion about this post