കൊച്ചി: പാലാരിവട്ടം പാലം നിർമ്മാണ അഴിമതിയിൽ പങ്കില്ലെന്ന മുൻമന്ത്രി വികെ ഇബ്രാഹിംകുഞ്ഞിന്റെ നിലപാടിൽ സംശയിച്ച് വിജിലൻസ്. പാലാരിവട്ടം പാലം കരാറുകാരനു പലിശ കുറച്ചു നൽകി സർക്കാരിന് 56 ലക്ഷം രൂപ നഷ്ടമുണ്ടാക്കിയെന്നാണ് വിജിലൻസ് കണ്ടെത്തൽ. അക്കൗണ്ട് ജനറലിന്റെ റിപ്പോർട്ടിലും ഇക്കാര്യമുണ്ട്. മുൻമന്ത്രിക്കെതിരായ നിലപാട് മുൻ പൊതുമരാമത്ത് സെക്രട്ടറി ടിഒ സൂരജ് ആവർത്തിച്ചെന്നും വിജിലൻസ് വ്യക്തമാക്കി. പുതുക്കിയ സത്യവാങ്മൂലം കോടതിയിൽ സമർപ്പിക്കും.
പാലാരിവട്ടം പാലം പണിയുമായി ബന്ധപ്പെട്ട് ഉയർന്നിട്ടുള്ള ആരോപണത്തിൽ തനിക്കു പങ്കില്ലെന്നും മന്ത്രി എന്ന നിലയിൽ നേരിട്ട് ഇടപെടൽ ഉണ്ടായിട്ടില്ലെന്നുമാണ് തുടക്കം മുതൽ ഇബ്രാഹിംകുഞ്ഞ് സ്വീകരിച്ച നിലപാട്. പാലത്തിന്റെ നിർമ്മാണത്തിനു ഭരണാനുമതി നൽകുകയായിരുന്നു തന്റെ ഉത്തരവാദിത്വം.
നിർമ്മാണ പ്രവർത്തനത്തിൽ പങ്കില്ല. ഇതിന്റെ ഉത്തരവാദിത്വം ഉദ്യോഗസ്ഥർക്കാണ്. പാലത്തിനും റോഡിനും സിമന്റും കമ്പിയും എത്രയാണ് ഉപയോഗിക്കുന്നത് എന്ന് പരിശോധിക്കുന്നത് മന്ത്രിയല്ലെന്നും ഉദ്യോഗസ്ഥർ ഉത്തരവാദിത്വം നിറവേറ്റിയില്ലെങ്കിൽ അത് അവരുടെ കുറ്റമാണെന്നും മന്ത്രി ആരോപണങ്ങൾ ഉയർന്നതോടെ പറഞ്ഞിരുന്നു.
Discussion about this post