പെരുമ്പാവൂർ: തെറ്റായ ദിശയിൽ വന്ന കെഎസ്ആർടിസിക്ക് മുന്നിൽ പതറാതെ ചങ്കൂറ്റത്തോടെ സ്കൂട്ടറുംകൊണ്ട് നിലയുറപ്പിച്ച യുവതിയുടെ വീഡിയോ എല്ലാവരും കണ്ടുകാണും. കുറച്ചുദിവസമായി സോഷ്യൽമീഡിയയിൽ താരമാണ് ഈ യുവതി. ഇവരുടെ പ്രവർത്തിയെ എതിർത്തും പിന്തുണച്ചും നിരവധി പേരാണ് സോഷ്യൽമീഡിയയിലൂടെ രംഗത്തെത്തിയത്. എന്നാൽ അന്നുണ്ടായത് വീഡിയോയിൽ കണ്ടതുപോലെ ഒരു മാസ് പ്രകടനമല്ലെന്ന് ആണയിട്ടു പറയുകയാണ് സ്കൂട്ടർ യാത്രക്കാരിയായ പെരുമ്പാവൂർ ഫോട്ടോ പാർക് സ്റ്റുഡിയോയിലെ ജീവനക്കാരിയായ യുവതി. ജോലി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുമ്പോഴായിരുന്നു ഈ സംഭവമെന്ന് ഇരിങ്ങോൾ വടക്കരേടത്ത് മനീഷിന്റെ ഭാര്യ സൂര്യയെന്ന ഈ സ്കൂട്ടർ യാത്രക്കാരി പറയുന്നു.
ജോലി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുമ്പോൾ കുട്ടികളെ ഇറക്കിക്കൊണ്ടിരുന്ന സ്കൂൾ ബസിന്റെ പിന്നിൽ നിർത്തി. സ്കൂൾ ബസ് വലത്തോട്ട് തിരിഞ്ഞു പോയപ്പോൾ മറ്റൊരു ബസിനെ മറികടന്നെത്തിയ കെഎസ്ആർടിസി ബസ് സൂര്യയുടെ സ്കൂട്ടറിനു മുന്നിലെത്തി. ഇരുവശത്തും വാഹനങ്ങൾ പാർക് ചെയ്തിരുന്ന റോഡിൽ ദിശ തെറ്റി വന്ന ബസിനു മുന്നിൽ ആദ്യം പകച്ചു പോയെങ്കിലും ധൈര്യം സംഭരിച്ചു നിന്നുവെന്ന് സൂര്യ പറയുന്നു. വീഡിയോയ്ക്കുള്ള കമന്റുകളായി വരുന്നതു പോലെ ഗതാഗത നിയമലംഘനം നടത്തുകയോ ബോധപൂർവം ബസ് തടയുകയോ ചെയ്തതല്ലെന്നും അവർ തുറന്നുപറയുന്നു. ഡ്രൈവർ ചിരിച്ചുകൊണ്ട് ഇടതു വശത്തേക്കു മാറ്റിയാണ് ബസ് കൊണ്ടു പോയത്.
സംഭവം കണ്ടു നിൽക്കുകയായിരുന്ന വിദ്യാർത്ഥികളാണ് സംഭവം വീഡിയോയാക്കി ടിക് ടോക്കിൽ ഉൾപ്പടെ പ്രചരിപ്പിച്ചത്. കെഎസ്ആർടിസി ബസ് ഡ്രൈവറെ പാഠം പഠിപ്പിച്ച യുവതി എന്ന പേരിലാണ് വീഡിയോ തരംഗമായത്. നടൻ ഉണ്ണി മുകുന്ദൻ അടക്കമുള്ളവർ വിഡിയോ പങ്കുവച്ച് അഭിനന്ദനവുമറിയിച്ചു. സൗമ്യനായി ബസ് ശരിയായ ദിശയിലാക്കി ഓടിച്ചു പോകുന്ന ഡ്രൈവറാണ് യഥാർത്ഥ ഹീറോയെന്ന് ദൃക്സാക്ഷികൾ പറയുന്നു. കെഎസ്ആർടിസി കുമളിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ ഈ സംഭവത്തെ കുറിച്ച് വിശദീകരിക്കുന്നുമുണ്ട്.
Discussion about this post